ലക്‌നൗ: യുപിയിലെ അലിഗഢില്‍ കാണാതായ ദലിത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിനെ ആക്രമിച്ചു. ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം. പശുവിന് പുല്ലെടുക്കാന്‍ വയലില്‍ പോയ 16 വയസുകാരിയായ പെണ്‍കുട്ടിയെ വൈകിയും കാണാതായതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലില്‍ പെണ്‍കുട്ടിയെ സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹം പരിശോധിക്കാന്‍ വന്ന പൊലീസിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇത് കൊലപാതകമാണെന്നും പ്രതിയെ കണ്ടെത്തുന്നത് വരെ മൃതദേഹം വിട്ടുതരില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പിന്നീട് എസ്‌പി മുനിരാജ് ജി നേരിട്ടെത്തിയാണ് നാട്ടുകാരെ സമാധാനിപ്പിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഞെരിച്ച പാടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.