ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധം നടത്തുന്ന കർഷകർ നിരങ്കരി സമാഗമം മൈതാനം വിളനിലമാക്കി. ഒരു മാസത്തിലധികമായി തങ്ങൾ ഇവിടെ പ്രതിഷേധിക്കുകയാണെന്നും അതിനാൽ ദൈനം ദിന ആവശ്യത്തിനായുള്ള ഉള്ളി നടാൻ തീരുമാനിക്കുകയായിരുന്നെന്നും ബുരാരിയിൽ തങ്ങൾ കൂടുതൽ വിളകൾ നടുമെന്നും കർഷകർ അറിയിച്ചു.
അതേസമയം, നാൽപതോളം കർഷക കർഷക സംഘടനകളുടെ സംയുക്ത മുന്നണിയായ സംയുക്ത് കിസാൻ മോർച്ച കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിന് കത്ത് അയയ്‌ക്കുകയും ഡിസംബർ 29 ന് അടുത്ത ഘട്ട ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ്. കർഷകർ നാല് അജണ്ടകളും മുന്നോട്ട് വച്ചിട്ടുണ്ട്. കർഷക പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും യൂണിയനുകൾ അവകാശപ്പെട്ടു.