ഇടുക്കി: ഭൂമി വിവരങ്ങള്‍ കൃത്യതയോടെ സൂക്ഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. സ്വതന്ത്ര കര്‍ഷക സംഘടനയായ പെരിയാര്‍ വൈഗ പാസന വ്യവസായി സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 822 കിലോമീറ്റര്‍ വരുന്ന കേരള-തമിഴ്‌നാട് അതിര്‍ത്തി വേര്‍തിരിക്കുന്ന പ്രദേശങ്ങളില്‍ കൃത്യത വരുത്തിയിട്ടില്ലെന്നും അതിര്‍ത്തി പങ്കിടുന്ന അഞ്ച് ജില്ലകളിലായി പതിനഞ്ച് താലൂക്കുകളില്‍ തമിഴ്‌നാടിന്‍റെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് കര്‍ഷക സംഘടനയുടെ ആരോപണം.
അമ്പത്തിയാറിന് ശേഷം കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കൃത്യത വരുത്തിയിട്ടില്ലെന്നും സംസ്ഥാന രൂപീകരണ സമയത്ത് ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം കേരളത്തിന്‍റെ ഭാഗമായി പോയിട്ടുണ്ടെന്നുമാണ് അവകാശവാദം. കേരള-തമിഴ്‌നാട് അതിര്‍ത്തി വേര്‍തിരിക്കുന്ന 822 കിലോമീറ്റർ ദൂരത്തിലെ അതിര്‍ത്തി നിര്‍ണയം കൃത്യതയോടെ നടത്തിയതിന് ശേഷമേ ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാവൂ എന്നാണ് തമിഴ്‌നാട്ടിലെ സ്വതന്ത്ര കര്‍ഷക സംഘടനയായ പെരിയാര്‍ വൈഗ പാസന വ്യവസായി സംഘത്തിന്‍റെ ആവശ്യം.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കൊല്ലം ജില്ലയിലെ പുനലൂര്‍, പത്തനംതിട്ടയിലെ കോന്നി, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മലപ്പുറത്ത് നിലമ്പൂര്‍, വയനാട്ടില്‍ വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ താലൂക്കുകളില്‍ തമിഴ്‌നാടിന്‍റെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
വിഷയത്തില്‍ തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കമ്പത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മറ്റന്നാള്‍ തേനിയിലും 11ന് ഗൂഡല്ലൂരിലും കര്‍ഷക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.