ഹോഷിയാർപൂർ: മരിച്ചുവെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയ ആൾ തിരികെ ജീവിതത്തിലേക്ക്. പഞ്ചാബിലെ ഹോഷിയാർപൂരിലെ രാം കോളനി ക്യാമ്പിലെ നംഗൽ ഷഹീദ് ഗ്രാമവാസിയായ ബഹദൂർ സിങ്ങാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബഹദൂർ സിങ്ങിന് ശ്വസനപ്രശ്‌നങ്ങളുണ്ടായിരുന്നു. കഠിനമായ ചുമയെത്തുടർന്ന് കുടുംബം അദ്ദേഹത്തെ ഐവിവൈ (IVY) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ എത്തിച്ച് നാല് മണിക്കൂറിന് ശേഷം ഡോക്‌ടർമാർ ബഹദൂർ സിങ് മരിച്ചെന്ന് കുടുംബത്തെ അറിയിച്ചു. ആശുപത്രിയിലെ ബില്ല് അടച്ച് ശരീരം ഏറ്റുവാങ്ങുന്നതിനിടെ ബഹദൂർ സിങ്ങിന് അനക്കമുള്ളതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇദ്ദേഹത്തെ പിജിഐ (PGI) എന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിച്ച് മണിക്കൂറുകൾക്കകം ബഹദൂർ സിങ്ങിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു.
ഐവിവൈ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ഐവിവൈയിലെ ഡോക്‌ടർമാർ, മരിച്ചെന്ന് വിധിയെഴുതിയ ബഹദൂർ സിങ്ങും കുടുംബത്തോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
ചുമയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്‌ടർമാർ അദ്ദേഹത്തെ ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിക്കുയായിരുന്നു. അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞപ്പോൾ നഴ്‌സുമാർ എന്നോട് മോശമായി പെരുമാറിയെന്ന് ഭാര്യ കുൽവീന്ദർ കൗർ ആരോപിച്ചു.
ആശുപത്രിക്കെതിരെ ബഹദൂർ സിങ്ങിന്‍റെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്ഥലത്തെത്തിയ എസ്എച്ച്ഒ മോഡൽ ടൗൺ ഹർപ്രീത് പറഞ്ഞു.