ഗ്വാളിയോർ (മധ്യപ്രദേശ്): കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നു. മധ്യപ്രദേശിൽ പ്രതിഷേധക്കാർ നിരവധി ട്രെയിനുകൾ നശിപ്പിക്കുകയും റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ.
പ്രതിഷേധക്കാർ വിവിധ സാധനങ്ങൾ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ട്രെയിനുകൾ തടഞ്ഞു. തുടർന്ന് ട്രെയിനുകൾക്ക് നേരെ കല്ലെറിയുകയും ജനാലയുടെ ചില്ലുകൾ തകർക്കുകയും ചെയ്‌തു. ആക്രമണത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
തിരുവനന്തപുരത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ യാത്രക്കാരിൽ കേരളത്തിൽ നിന്നുമുള്ള നിരവധി യാത്രക്കാരും ഉണ്ടായിരുന്നു.
ഭിന്ദിൽ നിന്ന് രത്‌ലാമിലേക്കുള്ള ബുന്ദേൽഖണ്ഡ് എക്‌സ്പ്രസിന് നേരെയും ആക്രമണമുണ്ടായി. ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ ബിർള നഗർ റെയിൽവേ സ്റ്റേഷൻ ആക്രമിക്കുകയും യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾ ആക്രമിക്കയും റെയിൽവേ വസ്തുവകകൾ തകർക്കുകയും ചെയ്‌തു. തുടർന്ന് ഗ്വാളിയോർ റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങിയ പ്രതിഷേധക്കാർ പലയിടത്തും റെയിൽവേ ട്രാക്കുകൾക്ക് തീയിടുകയും പാളം ഊരിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌തു.
റോഡിൽ ടയറുകൾ കത്തിക്കുകയും വാഹനങ്ങൾ തടഞ്ഞ് വൻ ഉപരോധം സൃഷ്ടിക്കുകയും ചെയ്‌തു. സർക്കാർ വസ്‌തുക്കൾ ആക്രമിക്കുകയും റോഡുകൾ കലാപഭൂമിയാക്കുകയും ചെയ്‌തു. റെയിൽവേ ട്രാക്കുകൾ അക്രമം അവസാനിച്ച് സാധാരണ നിലയിലായെങ്കിലും റോഡുകളിൽ പ്രതിഷേധം തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാന ഭരണകൂടം കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഗ്വാളിയോർ, ചമ്പൽ മേഖലകളിൽ നിന്ന് സൈന്യത്തിൽ ചേരാൻ തയാറെടുക്കുന്ന യുവാക്കളാണ് അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. വർഷങ്ങളായി കരസേനയിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് സർക്കാർ നടത്തിയിട്ടില്ലെന്നും പെൻഷനോ ഭാവി ജോലിയോ ഉറപ്പുനൽകാതെയാണ് നാല് വർഷത്തേക്ക് മാത്രം തൊഴിൽ നൽകുന്ന അഗ്നിപഥ് പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.