അയോധ്യ: അയോധ്യയിൽ കുടുംബ വഴക്കിനെത്തുടർന്ന് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ഇനയാത്ത് നഗർ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദമ്പതികളുടെ മരുമകനായ പവന് അമ്മാവൻ രമേശുമായി ദീർഘകാലമായി സ്വത്ത് തർക്കമുണ്ടായിരുന്നു. കൊല്ലപ്പെട്ട ദമ്പതികളുടെ അതേ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.
ശനിയാഴ്ച രാത്രി പ്രതിയായ പവന്‍ അമ്മാവൻ രമേഷ്, ഭാര്യ ജ്യോതി, മൂന്ന് കുട്ടികൾ എന്നിവരെ കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ സ്വത്ത് തർക്കമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു. പ്രതി പവനെ ഉടനെ പിടികൂടുമെന്നും എസ്‌എസ്‌പി അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.