റായ്‌പൂര്‍ : ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്‌ഗഡില്‍ ബിജെപിക്ക് തിരിച്ചടിയായി പ്രമുഖ ആദിവാസി നേതാവിന്‍റെ രാജി. മുതിര്‍ന്ന നേതാവും നാല് പതിറ്റാണ്ടിലേറെ ബിജെപിയില്‍ സജീവ സാന്നിധ്യവുമായിരുന്ന നന്ദ്കുമാര്‍ സായി ആണ് പാര്‍ട്ടിയില്‍ നിന്ന് ഇന്നലെ രാജിവച്ചത്. തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്.
സഹപ്രവര്‍ത്തകരുടെ ഇത്തരം പ്രവര്‍ത്തികള്‍ തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും നന്ദ്കുമാര്‍ രാജിക്കത്തില്‍ പറയുന്നു. 'ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ രാജിവയ്ക്കുകയാണ്. പാർട്ടി എനിക്ക് നൽകിയ ഉത്തരവാദിത്തങ്ങൾ എന്തായാലും അത് ഞാൻ പൂർണ അർപ്പണ ബോധത്തോടെയാണ് ഇതുവരെ നിർവഹിച്ചത്. പാർട്ടിയോട് നന്ദി അറിയിക്കുന്നു' - നന്ദ്കുമാര്‍ പ്രതികരിച്ചു.
മുതിര്‍ന്ന നോതാവ് നന്ദ്കുമാര്‍ സായി പാര്‍ട്ടി വിട്ടതായി ഛത്തീസ്‌ഗഡ് ബിജെപി അധ്യക്ഷന്‍ അരുണ്‍ സാവോയും സ്ഥിരീകരിച്ചു. നിലവില്‍ നന്ദ്കുമാറുമായി ബന്ധപ്പെടാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
നന്ദ്കുമാര്‍ സായിയെ പോലെ അറിവും മര്യാദയും സഹിഷ്‌ണുതയുമുള്ള ഒരു നേതാവ് ബിജെപിയില്‍ നിന്ന് പുറത്തുപോകുന്നത്, ആ പാര്‍ട്ടി ആദിവാസി നേതാക്കളെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നു എന്നതിന്‍റെ സൂചനയാണെന്ന് ഛത്തീസ്‌ഗഡ് കോണ്‍ഗ്രസ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു. സംസ്ഥാനത്തെ വലിയൊരു വിഭാഗമായ ആദിവാസികളോട് അവഗണന കാണിച്ചാല്‍ നന്ദ്കുമാറിന് അത് സഹിച്ച് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ശുക്ല പ്രതികരിച്ചു.
വടക്കൻ ഛത്തീസ്‌ഗഡിൽ നിന്നുള്ള, ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രമുഖ ഗോത്ര നേതാവാണ് 77 കാരനായ നന്ദ്കുമാര്‍ സായി. 1977-ൽ മധ്യപ്രദേശിലെ തപ്‌കര സീറ്റിൽ (ഇപ്പോൾ ജഷ്‌പൂർ ജില്ലയിൽ) നിന്നാണ് നന്ദ്കുമാര്‍ സായി ബിജെപി എംഎൽഎയായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1980 ൽ ബിജെപിയുടെ റായ്‌ഗഡ് ജില്ല അധ്യക്ഷനായ അദ്ദേഹം 1985ലും 1998ലും തപ്‌കരയിൽ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1989, 1996, 2004 വർഷങ്ങളിൽ റായ്‌ഗഡിൽ നിന്ന് ലോക്‌സഭ എംപിയായും 2009, 2010 വർഷങ്ങളിൽ രാജ്യസഭ എംപിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-05 കാലഘട്ടത്തിൽ ഛത്തീസ്‌ഗഡ് ബിജെപി അധ്യക്ഷനും, സംസ്ഥാന രൂപീകരണത്തിന് മുന്‍പ് 1997 മുതൽ 2000 വരെ മധ്യപ്രദേശ് ബിജെപി അധ്യക്ഷനുമായിരുന്നു നന്ദ്കുമാര്‍ സായി.
Also Read: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോയ്ക്കിടെ വാഹനത്തിലേക്ക് മൊബൈലെറിഞ്ഞു ; സുരക്ഷാവീഴ്‌ച
2000 നവംബറിൽ മധ്യപ്രദേശില്‍ നിന്ന് വിഭജിക്കപ്പെട്ട് ഛത്തീസ്‌ഗഡ് സംസ്ഥാനം രൂപം കൊണ്ടതിന് ശേഷമുള്ള ആദ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 2017-ൽ ദേശീയ പട്ടികവർഗ കമ്മിഷൻ (NCST) ചെയർപേഴ്‌സണായും അദ്ദേഹം നിയമിതനായി.