ചെന്നൈ : തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ അറസ്റ്റില്‍. ചെന്നൈയിൽ നിന്നെത്തിയ പ്രത്യേക എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘമാണ് അശോക് കുമാറിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ അശോക് കുമാറിനെ ഇന്ന് രാത്രി ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്യും. നാളെ കോടതി മുമ്പാകെ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിൽ ബാലാജിക്കെതിരെ ഇന്നലെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടി. ഡിഎംകെ എംഎൽഎയ്‌ക്കെതിരെ 3,000 പേജുള്ള കുറ്റപത്രമാണ് ഇഡി സമർപ്പിച്ചത്. സെന്തിൽ ബാലാജിയുടെ പേര് മാത്രമാണ് കുറ്റപത്രത്തിലുള്ളത്.
കള്ളപ്പണക്കേസിൽ സെന്തിൽ ബാലാജിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അശോക് കുമാറിന്‍റെ വസതിയിലും ഓഫിസിലുമടക്കം ഇഡി രണ്ട് തവണ പരിശോധന നടത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി മുമ്പാകെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നാല് തവണ നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഹാജരാകുന്നതിനുള്ള സമയപരിധി പലതവണ ലംഘിച്ചതോടെയാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് കടന്നത്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
സെന്തിൽ ബാലാജിയും ബന്ധുക്കളും സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. മന്ത്രിയുടെ പണമുപയോഗിച്ച് അശോക് കുമാറിന്‍റെ ഭാര്യയായ നിർമല അനധികൃതമായി സ്വത്ത് സമ്പാദിച്ചതും കണ്ടെത്തി. ഇതോടെ നിർമലയുടെ 30 കോടിയിലധികം വിലമതിക്കുന്ന 2.49 ഏക്കർ ഭൂമിയടക്കമുള്ള സ്വത്തുക്കൾ മരവിപ്പിച്ച ഇഡി, ഇവരോട് നേരിട്ട് ഹാജരാകാനും നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതിനകം 40 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ 20 പേർ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകി.
കള്ളപ്പണക്കേസിൽ അന്വേഷണത്തിന്‍റെ ഭാഗമായി സെന്തിൽ ബാലാജിക്കും സഹായികൾക്കുമെതിരെ ഇന്നലെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഓഗസ്റ്റ് ഏഴിന് സെന്തിൽ ബാലാജിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ കോടതി അനുമതി നൽകിയിരുന്നു. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ഇഡി കോടതിക്ക് മുന്നിൽ ഹാജരാക്കിയ ബാലാജിയെ ഓഗസ്റ്റ് 25 വരെ റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ ജൂലൈ 14നാണ് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്‌തത്. 17 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.
ജയലളിത സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങി നിയമനം നടത്തി എന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്‌ത കേസിലായിരുന്നു നടപടി. 2011 - 2015 കാലയളവിലെ എഐഎഡിഎംകെ ഭരണത്തില്‍ ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി പിന്നീട് ഡിഎംകെയില്‍ ചേരുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ സെന്തിൽ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ ആർഎൻ രവി പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെയായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി. എന്നാല്‍, സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു.