ബെംഗളൂരു: അധികാരത്തിലെത്തിയാൽ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2000 രൂപ വീതം നല്‌കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. കർണാടകയിലെ പാലസ് ഗ്രൗണ്ടിൽ നടന്ന കോൺഗ്രസ് മെഗ വനിത കൺവെൻഷനായ 'നാ നായകി' യിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. 'ഗൃഹ ലക്ഷ്‌മി' എന്ന പേരിൽ 1.5 കോടി വീട്ടമ്മമാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അറിയിച്ചു.
മെയ് മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന കർണാടകയിൽ എല്ലാ വീട്ടിലേയ്‌ക്കും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‌കുമെന്ന് വാഗ്‌ദാനം ചെയ്‌തതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. തിങ്കളാഴ്‌ച ബെംഗളൂരുവിലെത്തിയ പ്രിയങ്കയെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാർ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക: ബിജെപിയുടെ ഭരണത്തിനു കീഴിൽ ജീവിതം മെച്ചപ്പെട്ടോ എന്നും അടുത്ത വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപ് ജീവിതം കൂടി വിലയിരുത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കർണാടകയിലെ സ്ഥിതി നിലവിൽ വളരെ മോശമാണെന്നും പിഎസ്‌സി അഴിമതി ലജ്ജാകരമാണെന്നും ആരോപിച്ച് പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
പരിഹസിച്ച് ബസവരാജ് ബൊമ്മൈ: താൻ ഒരു നേതാവാണെന്ന് പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിക്കേണ്ട അവസ്ഥയാണെന്നും കർണാടകയിലെ സ്‌ത്രീകളാരും അവർക്കു പിന്നിൽ അണിനിരക്കില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രിയങ്ക ഗാന്ധിയുടെ പരിപാടിയെ പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താനോ സ്‌ത്രീകൾക്ക് വാഗ്‌ദാനം ചെയ്‌ത ബജറ്റ് നല്‌കാനോ കോൺഗ്രസ് പാർട്ടിക്ക് ഒരിക്കലും അവസരം ലഭിക്കില്ലെന്നും ബൊമ്മെ കൂട്ടിച്ചേർത്തു. അധികാരത്തിൽ വരില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് ഇത്രയും വലിയ വാഗ്‌ദാനങ്ങൾ നല്‌കുന്നതെന്നും ബൊമ്മെ പറഞ്ഞു.
അടവുകൾ പയറ്റി കോൺഗ്രസ്: നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടുന്ന ബിജെപിയുടെ പ്രചരണ വ്യൂഹത്തെ ചെറുക്കാനുള്ള കർണാടക കോൺഗ്രസിന്‍റെ ശ്രമം കൂടിയാണ് പ്രിയങ്ക ഗാന്ധിയെ മുന്നില്‍ നിർത്തിയുള്ള പ്രചരണം. ജനപ്രിയ പരിപാടികൾ പ്രഖ്യാപിച്ച് ഭരണകക്ഷിയായ ബിജെപി ഇതിനോടകം തന്നെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അതിനിടെ സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ ആരംഭിച്ച് സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.