ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ നിർമാതാക്കളിലൊന്നായ ഇന്ത്യ ഇന്ന് വാക്‌സിൻ ക്ഷാമം നേരിടുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര. മറ്റ് രാജ്യങ്ങൾ 2020ൽ തന്നെ വാക്‌സിൻ ഓർഡറുകൾ നൽകിയപ്പോൾ എന്തുകൊണ്ടാണ് കേന്ദ്രം വാക്‌സിൻ ഓർഡർ നൽകാൻ ജനുവരി വരെ കാത്തിരുന്നത് എന്നും അവർ ചോദിച്ചു. കേന്ദ്ര സർക്കാർ ഇന്ത്യൻ ജനതയോട് ഉത്തരം പറയാൻ കടപ്പെട്ടിരിക്കുന്നു എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രിയങ്ക ചോദ്യങ്ങൾ ചോദിച്ച് രംഗത്തെത്തിയത്. 2021 ജനുവരി, മാർച്ച് കാലയളവിൽ വെറും 3.5 കോടി ഇന്ത്യക്കാർക്ക് മാത്രം വാക്‌സിൻ നൽകിയ ഇന്ത്യ എന്തിനാണ് മറ്റ് രാജ്യങ്ങളിലേക്ക് ആറ് കോടിയോളം വാക്‌സിൻ ഡോസുകൾ കയറ്റി അയച്ചത് എന്നും അവർ ചോദിച്ചു. രാജ്യത്തെ കൊവിഡ് മരണങ്ങളിലും പ്രിയങ്ക കേന്ദ്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Also Read: കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 2.11 ലക്ഷം പേർക്ക് കൂടി രോഗബാധ
ഇതുവരെ രാജ്യത്ത് 20,26,95,874 ഡോസ് കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്‌തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്താകമാനമുള്ള വാക്‌സിൻ ക്ഷാമം കണക്കിലെടുത്ത് പല വാക്‌സിനേഷൻ കേന്ദ്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അടച്ച് പൂട്ടിയിരുന്നു. കേരളം ഉൾപ്പെടെ മറ്റ് പല സംസ്ഥാനങ്ങളും വാക്‌സിനായി ആഗോള ടെണ്ടറുകളും വിളിച്ചിട്ടുണ്ട്. അതേസമയം വിദേശ വാക്‌സിൻ നിർമാതാക്കളായ മൊഡേണയും ഫൈസറും സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്‌സിൻ ഡോസുകൾ എത്തിക്കില്ല എന്ന് അറിയിച്ചിരുന്നു. കേന്ദ്ര തലത്തിൽ ടെൻഡറുകൾ വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിട്ടുമുണ്ട്.
Also Read: ഇരുപതു കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ
അതേസമയം, രാജ്യത്ത് ഇന്ന് 2,11,298 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,73,69,093 ആയി ഉയർന്നു. 2,83,135 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,46,33,951 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 3,847 മരണങ്ങളാണ് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 3,15,235 ആണ്.