ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സിബിഎസ്‌ഇ പരീക്ഷകള്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൊവിഡ് രണ്ടാം തരംഗത്തോടെ രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പരീക്ഷ ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നിരവധി വിദ്യാര്‍ഥികളുടെ ആശങ്ക കേള്‍ക്കാനിടയായെന്നും പരീക്ഷയുടെ സമ്മര്‍ദത്തോടൊപ്പം തന്നെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാറിന്‍റെയും നിശബ്‌ദത ആശ്ചര്യപ്പെടുത്തുന്നതാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. പരീക്ഷ റദ്ദാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്കിന് കത്തയച്ചതായും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 31നാണ് സിബിഎസ്‌ഇ 10, 12 ക്സാസുകളിലെ പരീക്ഷ മെയ് 4 മുതല്‍ ജൂണ്‍ 10 വരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. ജൂലായ് 15 ന് ഫലപ്രഖ്യാപനം നടത്തുമെന്നും പ്രഖ്യാപനത്തിലുണ്ടായിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 1.84 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.