ലഖ്നൗ : ഫിറോസാബാദിലെ ദളിത് യുവതിക്ക് സ്മാർട്ട് ഫോൺ സമ്മാനിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രണ്ട് ദിവസം മുൻപ് ഫിറോസാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കണ്ടുമുട്ടിയ സിതാര ദേവി എന്ന സ്ത്രീക്കാണ് പ്രിയങ്ക ഗാന്ധി സ്മാർട്ട് ഫോൺ നൽകിയത്.
ഡിസംബർ 29ന് റാലിക്കെത്തിയപ്പോള്‍ സിതാര ദേവിയുടെ വീട് സന്ദർശിച്ച പ്രിയങ്ക ഗാന്ധി അവരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിനിടെ അവരുടെ വള നിർമാണത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.
പിന്നാലെ കോൺഗ്രസ് നേതാക്കൾ വെള്ളിയാഴ്ച സിതാര ദേവിയുടെ വീട്ടിലെത്തി സ്മാർട്ട് ഫോണും മക്കൾക്കുള്ള വസ്ത്രങ്ങളും അടുക്കളയിലേക്കുള്ള സാധനങ്ങളും നൽകുകയായിരുന്നു.
സ്മാർട്ട് ഫോൺ നൽകിയ കോൺഗ്രസ് നേതാക്കൾ പ്രിയങ്ക ഗാന്ധി നൽകിയതാണെന്നും അതിലൂടെ സിതാര ദേവിക്ക് അവരുമായി ബന്ധപ്പെടാമെന്നും അറിയിച്ചു.