ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ഗുസ്തിതാരങ്ങളായ സാക്ഷി മാലിക്കിനെയും ബജ്റങ് പൂനിയയെയും സന്ദര്‍ശിച്ചു. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പ്രിയങ്ക തന്‍റെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പോരാട്ടം അവസാനിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പും പ്രിയങ്ക താരങ്ങള്‍ക്ക് നല്‍കി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്‍റെ സഹായി സഞ്ജയ് സിങിനെ ഗുസ്തി ഫെഡറേഷന്‍റെ അധ്യക്ഷനായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് സാക്ഷി മാലിക് തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ( Priyanka Gandhi meets Bajrang Punia, Sakshi Malik)
തന്‍ ഒരു സ്ത്രീയെന്ന നിലയിലാണ് ഇവിടെയെത്തിയതെന്ന് താരങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ("I came here as woman") ഈ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് അറപ്പുളവാക്കുന്ന പീഡനങ്ങളാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സഞ്ജയ് സിങിന്‍റെ തെരഞ്ഞെടുപ്പിന് ശേഷം സാക്ഷി മാലിക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ ബൂട്ടഴിച്ച് മേശപ്പുറത്ത് വച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. (protest over WFI chief's election)
നാല്‍പ്പത് ദിവസം തങ്ങള്‍ തെരുവിലാണ് ഉറങ്ങിയത്. നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണയുമായി പലരും തങ്ങള്‍ക്കരുകിലേക്ക് വരുന്നു. ബ്രിജ് ഭൂഷന്‍റെ സഹായിയും വ്യവസായ പങ്കാളിയുമായ ആള്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി വരുകയാണെങ്കില്‍ താന്‍ ഗുസ്തി ഉപേക്ഷിക്കുകയാണെന്നുമാണ് സാക്ഷി പറഞ്ഞത്. നിരവധി ഗുസ്തി താരങ്ങള്‍ അവള്‍ക്കൊപ്പം പ്രതിഷേധവുമായി ഉണ്ടായിരുന്നു.
പ്രിയങ്കയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഗുസ്തിതാരങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഹൂഡയും വ്യക്തമാക്കി. വനിതാ ഗുസ്തിതാരങ്ങള്‍ക്ക് നേരിട്ട അപമാനം രാജ്യത്തെയാകെ നീറ്റുന്നുണ്ട്.
മറ്റൊരു ഗുസ്തി താരമായ ബജ്റങ് പൂനിയ തനിക്ക് ലഭിച്ച പത്മശ്രീ തിരികെ നല്‍കിയിരുന്നു. മധ്യഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ പൂനിയ തന്‍റെ മെഡല്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്താണ് പൂനിയ മെഡല്‍ വച്ച് മടങ്ങിയത്. നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കം വേണ്ടിയാണ് ഈ പോരാട്ടമെന്നും പൂനിയ പറഞ്ഞു. അവര്‍ക്ക് നീതി കിട്ടാത്തിടത്ത് ഈ പുരസ്കാരം സ്വീകരിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡല്‍ തിരികെ പ്രധാനമന്ത്രിയെ ഏല്‍പ്പിക്കാനാണ് എത്തിയത്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ തനിക്ക് സമയം ലഭിച്ചില്ല. അത് കൊണ്ട് അദ്ദേഹത്തിന് കുറിപ്പ് എഴുതി മെഡല്‍ ഇവിടെ വയ്ക്കുന്നു. മെഡല്‍ താന്‍ ഇനി വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗികആരോപണമുയര്‍ത്തി സാക്ഷിമാലികും ബജ്റംഗ് പൂനിയയും അടക്കമുള്ള ഗുസ്തിതാരങ്ങള്‍ പ്രതിഷേധത്തിലാണ്. അതിനിടെയാണ് സിങിന്‍റെ അടുത്ത ഒരാള്‍ ഗുസ്തിഫെഡറേഷന്‍റെ തലപ്പത്ത് എത്തുന്നത്. എതിര്‍പാനലിന് കേവലം ഏഴ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
2019 മുതല്‍ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്‍റെ നിര്‍വാഹക സമിതിയിലുണ്ട്. നാഷണല്‍ ഫെഡറേഷന്‍റെ ജോയിന്‍റ് സെക്രട്ടറിയായും സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 12ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 25 വരെ നീട്ടി വയ്ക്കുകയായിരുന്നു.