ഭോപ്പാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കുടുംബസമേതം പങ്കുചേര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശിന്‍റെ ചുമതലയുമുളള പ്രിയങ്ക ഗാന്ധി. ഇതാദ്യമായാണ് പ്രിയങ്ക ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. മധ്യപ്രദേശില്‍ രണ്ടാം ദിനത്തിലേക്ക് കടന്ന പര്യടനം ഘാണ്ട്വ ജില്ലയിലെ ബൊര്‍ഗാവോണില്‍ പുരോഗമിക്കുകയാണ്.
പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മകന്‍ റെഹാന്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിയോടൊപ്പം പര്യടനത്തിനായി ചേര്‍ന്നത്. മുദ്രാവാക്യങ്ങളുമായി രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും പിന്തുണയ്‌ക്കാന്‍ സമീപമെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. റോഡിന്‍റെ ഇരു വശങ്ങളിലുമായി വടം കെട്ടിയാണ് പൊലീസ് രാഹുല്‍ ഗാന്ധിയ്‌ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.
മധ്യപ്രദേശിലെ പര്യടനത്തിന്‍റെ ആദ്യ ദിവസത്തെ അപേക്ഷിച്ച് രണ്ടാം ദിനമായ ഇന്ന് പുലര്‍ച്ചെ ബൊര്‍ഗോവോണില്‍ നിന്നും ആരംഭിച്ച യാത്രയില്‍ വളരെ ചുരുക്കം പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്. ശേഷം ആളുകളുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. മാത്രമല്ല, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന്‍റെയും സാന്നിധ്യം ഇന്നത്തെ യാത്രയില്‍ നിറഞ്ഞു നിന്നിരുന്നു.
പര്യടനം രാജസ്ഥാനിലേക്ക് കടക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്‍റെ ഭരണനേതൃത്വത്തില്‍ മാറ്റം വരുത്തുവാനുള്ള ശ്രമമാണ് സച്ചിന്‍ പൈലറ്റിന്‍റെ സാന്നിധ്യമെന്നാണ് സൂചന. 380 കിലോമീറ്റര്‍ താണ്ടിയ ശേഷം യാത്ര ഡിസംബര്‍ നാലിന് രാജസ്ഥാനില്‍ അവസാനിക്കും. ഭാരത് ജോഡോ യാത്ര 78-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പര്യടനം മധ്യപ്രദേശിലെ ഏഴ് ജില്ലകള്‍ താണ്ടും.