ന്യൂഡൽഹി : കണ്ണൂർ സർവകലാശാല (Kannur University) നിയമനവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ സത്യവാങ്‌മൂലം സമർപ്പിക്കാൻ പ്രിയ വർഗീസിന് നാലാഴ്‌ച കൂടി അനുവദിച്ച് സുപ്രീം കോടതി (Priya Varghese to Submit Affidavit). ഇക്കഴിഞ്ഞ ജൂൺ 22 ന്, പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്ന് നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ജോസഫ് സക്കറിയയും യുജിസിയും സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു.
ഈ കേസിലാണ് പ്രിയ വർഗീസിനോട് നാല് ആഴ്‌ചയ്ക്കകം സത്യവാങ്‌മൂലം സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ജസ്‌റ്റിസുമാരായ കെ വി വിശ്വനാഥൻ, കെ മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് ആറാഴ്‌ച കഴിഞ്ഞ് കോടതി വീണ്ടും പരിഗണിക്കും. പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ചുകൊണ്ടുള്ള ഉത്തരവിൽ പിഴവുള്ളതായി സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
കേസിനാസ്‌പദമായ സംഭവം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാകേഷിന്‍റെ ഭാര്യയായ പ്രിയ വർഗീസിനെ മതിയായ യോഗ്യത ഇല്ലാഞ്ഞിട്ടും കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് തെരഞ്ഞെടുത്തു എന്ന ആരോപണമാണ് വിവാദത്തിന് കാരണമായത്. യുജിസി (UGC) ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസർക്ക് (Associate Professor) വേണ്ട യോഗ്യത ഗവേഷണ ബിരുദവും എട്ട് വർഷം അസിസ്‌റ്റന്‍റ് പ്രൊഫസർ തസ്‌തിക അധ്യാപന പരിചയവുമാണ്. 2012ൽ തൃശൂർ കേരളവർമ കോളേജിൽ മലയാളം അസിസ്‌റ്റന്‍റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ് സർവീസിലിരിക്കെ പിഎച്ച്ഡി ബിരുദവും നേടിയിരുന്നു.
തുടർന്ന് അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018 ലെ റഗുലേഷൻ നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന് യുജിസി കേരള ഹൈക്കോടതിയെ അറിയിക്കുകയും ഈ വാദം തള്ളിക്കൊണ്ട് കേരള ഹൈക്കോടതി പ്രിയ വർഗീസിന്‍റെ നിയമനം ശരിവയ്‌ക്കുകയും ചെയ്‌തു. എട്ട് വർഷത്തെ അധ്യാപന പരിചയം സംബന്ധിച്ച് പ്രിയ വർഗീസ് ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് പൂർണമായും അംഗീകരിച്ചായിരുന്നു നിയമനം ശരിവച്ചത്. ഇതിന് പിന്നാലെയാണ് ലിസ്‌റ്റിൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ ഹർജി സമർപ്പിച്ചത്.