ചെന്നൈ: രാജ്യത്ത് തന്നെ മുനിസിപ്പാലിറ്റി മേയര്‍മാര്‍ അധികാരത്തില്‍ എത്തുമ്പാേള്‍ ഔദ്യോഗിക വസ്ത്രത്തിനൊപ്പം സ്വര്‍ണമാല ധരിക്കുന്നത് പതിവില്ല. എന്നാല്‍ തമിഴ്നാട്ടിലെ പല മുനിസിപ്പാലിറ്റികളിലും കോട്ടിനും ചെങ്കോലിനും ഒപ്പം മേയര്‍മാര്‍ സ്വര്‍ണമാലയും ധരിക്കും. ഈ ആചാരം പിന്‍തുടര്‍ന്നാണ് ചെന്നൈ മുനിസിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ മേയര്‍ പ്രിയ രാജനും അധികാരം ഏറ്റെടുത്തത്.
105 പവന്‍ തുക്കമുള്ള സ്വര്‍ണ മാല, വെള്ളി ചെങ്കോല്‍, കോട്ട് എന്നിവ ധരിച്ചാണ് ചെന്നൈയുടെ ആദ്യ ദലിത് മേയര്‍ പ്രിയ രാജന്‍ അധികാരത്തിലേറിയത്. 1933ല്‍ അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ മേയര്‍ ആയി ചുമതലയേറ്റ എം.ആർ. രാജ മുത്തയ്യ ചെട്ടിയാറാണ് മാല ആദ്യമായി ധരിച്ച് അധികാരത്തില്‍ എത്തിയത്.
Also Read: ചരിത്രമെഴുതി ചെന്നൈ കോർപ്പറേഷൻ..മേയറായി പ്രിയ രാജൻ ചുമതലയേറ്റു
അന്ന് തനിക്ക് ഇരിക്കാനുള്ള കസേരയും തേക്കിന്‍റെ തടിയില്‍ സ്വന്തം ചെലവില്‍ നിര്‍മിച്ച് അദ്ദേഹം കൊണ്ടുവന്നിരുന്നു. ഇത് പിന്നീട് അദ്ദേഹം മദ്രാസ് റെസിഡൻസിക്ക് കൈമാറി. രാജ്യം സ്വതന്ത്രമായി ചെന്നൈ കോര്‍പ്പറേഷനായി ചുരുങ്ങിയെങ്കിലും പിന്നീട് വന്ന എല്ലാ മേയര്‍മാരും ഈ മാല ധരിച്ചാണ് അധികാരത്തിലേറിയത്. ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന മാല സ്ഥാനാരോഹണത്തിന് പുറമെ പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കുന്ന പ്രത്യേക സര്‍ക്കാര്‍ ചടങ്ങുകളിലും മേയര്‍മാര്‍ ഉപയോഗിക്കും.
മാലയുള്ള മുനിസിപ്പാലിറ്റികള്‍ വേറെയും
മാലക്ക് 105 സവരന്‍ തൂക്കമുണ്ടെന്നാണ് കണക്ക്. ഒരു സവരന്‍ എന്നാല്‍ എട്ട് ഗ്രാം തൂക്കം. മാര്‍ക്കറ്റില്‍ 40,006,800 രൂപ വിലയുണ്ട് (ഒരു സവരന് 38160 രൂപ). മധുര കോർപ്പറേഷനിലും സമാനമായി മാലയുണ്ട്. 108 പവൻ തൂക്കമുള്ള സ്വർണമാലയാണ് ഇത്. എംജി രാമചന്ദ്രൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മധുര മുനിസിപ്പാലിറ്റി ആദ്യ മേയർ എസ്.മുത്തുവിന് അദ്ദേഹം നല്‍കിയതാണത്രെ ഈ മാല. 2014ൽ തഞ്ചാവൂർ മുനിസിപ്പാലിറ്റിയെ കോർപ്പറേഷനായി ഉയർത്തിയപ്പോൾ കൗൺസിൽ യോഗങ്ങളിൽ മേയർക്ക് ധരിക്കാൻ 100 പവൻ ഭാരമുള്ള ചെയിൻ കോർപ്പറേഷൻ ഭരണസമിതി വാങ്ങിയിരുന്നു.