ജഗദ്‌സിംഗ്‌പൂര്‍(ഒറീസ): അടുത്തിടെയായി സമൂഹമാധ്യമങ്ങളില്‍ വിവാദമാകുകയും നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്‌ത ഒന്നായിരുന്നു ഒറീസയിലെ സ്വാമി വിവേകാനന്ദ മെമ്മോറിയല്‍ സ്വയംഭരണ കോളജിന്‍റെ പേരില്‍ പുറത്തിറങ്ങിയ പ്രസ്‌താവന. 'ഈ പ്രണയദിനത്തില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍സുഹൃത്ത് വേണം' എന്ന തരത്തില്‍ ആരംഭിക്കുന്ന പ്രസ്‌താവന കേളജ് പ്രിന്‍സിപ്പാളിന്‍റെ കൈയൊപ്പോടെ പ്രചരിച്ചപ്പോള്‍ ആര്‍ക്കും തന്നെ സംശയം തോന്നിയതുമില്ല. എന്നാല്‍, തന്‍റെ പേരില്‍ വ്യാജ കൈയൊപ്പിട്ട് മറ്റാരോ പുറത്തിറക്കിയ പ്രസ്‌താവനയാണിതെന്നും തനിക്ക് ഇതില്‍ യാതൊരു വിധ പങ്കുമില്ലെന്നും ചൂണ്ടിക്കാട്ടി കേളജ് പ്രിന്‍സിപ്പാള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വിവാദ നോട്ടീസ് ഇങ്ങനെ: "ഈ വരുന്ന ഫെബ്രുവരി 14 പ്രണയ ദിനം മുതല്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍ സുഹൃത്തെങ്കിലും ഉണ്ടായിരിക്കണം. സുരക്ഷ ക്രമീകരണങ്ങള്‍ക്കായാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത്. സിങ്കിള്‍ ആയ പെണ്‍കുട്ടികളെ കേളജില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ തന്‍റെ ആണ്‍സുഹൃത്തുമായുള്ള ചിത്രം കാണിക്കണം. സ്‌നേഹം പരത്തുക"
വ്യാജ കൈയൊപ്പോടു കൂടി പ്രചരിക്കുന്ന പ്രസ്‌താവനയ്‌ക്കെതിരെ കേളജ് അധികൃതര്‍ ആശങ്ക അറിയിച്ചു. വ്യാജ നോട്ടീസിനെതിരെ ജഗദ്‌സിംഗ്‌പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പാള്‍ രേഖാമൂലം പരാതി സമര്‍പ്പിച്ചു.
'എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രണയദിനം മുതല്‍ ആണ്‍സുഹൃത്ത് വേണം എന്ന തരത്തില്‍ കോളജില്‍ പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണ്. ഇതു പോലെയുള്ള നോട്ടീസ് ഞാന്‍ പുറത്തിറക്കിയിട്ടില്ല. ചില ദുഷിച്ചസ്വഭാവമുള്ളവരാകും ഇത് ചെയ്‌തിട്ടുണ്ടാവുക'- പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'നോട്ടീസില്‍ എന്‍റെ വ്യാജ കൈയൊപ്പുമുണ്ട്. മാത്രമല്ല, നോട്ടീസില്‍ ഔദ്യോഗിക നമ്പര്‍ ഇല്ല എന്നത് ഇത് വ്യാജമാണ് എന്നതിന്‍റെ സൂചനയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ പൊലീസ് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.