മധുര: മുല്ലപ്പൂവിന്‍റെ വിലയില്‍ തമിഴ്‌നാട്ടില്‍ വലിയ വര്‍ധനവ്. കാര്‍ത്തിക ദീപം, മുഹൂര്‍ത്തം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് ആവശ്യകത വര്‍ധിച്ചതും ഉത്പാദനത്തില്‍ വന്ന കുറവുമാണ് വില വര്‍ധനവിന് കാരണം. തമിഴ്‌നാട്ടിലെ വലിയ പുഷ്‌പമാര്‍ക്കറ്റുകളായ മധുരയിലെ മട്ടുത്താവണി, ദിണ്ടിഗലിലെ പേരറിഞ്ചര്‍ എന്നിവിടങ്ങളിലാണ് വലിയ രീതിയില്‍ മുല്ലപ്പൂവിന് വില വര്‍ധിച്ചത്.
മധുരയിലെ പുഷ്‌പമാര്‍ക്കറ്റില്‍ മുല്ലപ്പൂവിന്‍റെ വില കിലോയ്‌ക്ക് 3,500 ആയി വര്‍ധിച്ചു. ദിണ്ടിഗലിലാവട്ടെ ഒരു കിലോ മുല്ലപ്പൂവിന് 5,000 രൂപയായാണ് വര്‍ധിച്ചത്. മറ്റ് പൂവുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. പിച്ചിപ്പൂവിന് 1,500, ചെണ്ടുമല്ലി 80, പനിനീര്‍ പൂവിന് 250 എന്നിങ്ങനെയാണ് കിലോയ്‌ക്ക് വില. എതാനും ദിവസങ്ങള്‍ക്കൂടി ഈ വില വര്‍ധന തുടരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മധുര, ദിണ്ടിഗല്‍ ജില്ലകളിലെ മഞ്ഞ് വീഴ്‌ച കാരണമാണ് മുല്ലപ്പൂവിന്‍റെ വിളവില്‍ കുറവുണ്ടായത്.