മുംബൈ: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ അഭ്യര്‍ഥന നിരസിച്ച് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ. പാര്‍ട്ടിയുടെ മുതിർന്ന നേതാവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്‌ച (ജൂണ്‍ 13) മഹാരാഷ്‌ട്രയിലെ എൻ.സി.പി മന്ത്രിമാരുമായി പവാർ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ പവാറിന് താത്‌പര്യമുണ്ടെന്ന് താൻ കരുതുന്നില്ല. ആളുകളുമായി നിരന്തരം ഇടപഴകാന്‍ ഇഷ്‌ടപ്പെടുന്ന ജനകീയനായ നേതാവാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാള്‍ രാഷ്‌ട്രപതി ഭവനിൽ ഒതുങ്ങിപ്പോവരുതെന്നും എൻ.സി.പി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 18 നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്.
പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്: ആം ആദ്‌മി പാർട്ടി നേതാവ് സഞ്‌ജയ് സിങ് ഞായറാഴ്‌ച പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്ന്, പവാറിന് പാർട്ടിയുടെ പിന്തുണ വാഗ്‌ദാനം ചെയ്‌തു. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥിയായി പവാര്‍ മത്സരിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയപ്പോഴാണ് അദ്ദേഹം പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചത്.
പവാറിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി (ടി.എം.സി) കോൺഗ്രസ് കൂടിയാലോചിച്ചിട്ടുണ്ടെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള തിരക്കിലാണ് എന്‍.സി.പി ദേശീയ അധ്യക്ഷന്‍.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആകെ വോട്ടർമാരുടെ 50 ശതമാനം വോട്ട് വിഹിതം നിലവില്‍ എന്‍.ഡി.എയ്‌ക്കുണ്ട്.