ന്യൂഡല്‍ഹി: അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യൻ സ്ത്രീകളുടെ അദൃശ്യമായ ഊർജ്ജത്തിന്‍റെ പ്രതീകമായിരുന്നു ഭാഗീരഥിയമ്മയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
"അറിവ് നേടാനുള്ള പരിശ്രമം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് നമ്മള്‍ക്ക് കാണിച്ച പ്രചോദനമായിരുന്നു പരേതയായ ഭാഗീരഥിയമ്മ. അറിവ് അവരുടെ പ്രായത്തിനനുസരിച്ച് വളർന്നു. നാരി ശക്തി അവാർഡിനൊപ്പം അംഗീകരിക്കപ്പെട്ട അവരുടെ മഹത്വത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യൻ സ്ത്രീകളുടെ അദൃശ്യമായ ഊർജ്ജത്തിന്‍റെ പ്രതീകമാണ് അവർ " രാഷ്ട്രപതി കുറിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവരും ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഭാഗീരഥിയമ്മയുടെ ജീവിത യാത്രയില്‍ നിന്നും ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
106-ാം വയസിൽ നാലാം ക്ലാസ് തുല്യത പരീക്ഷ പാസായ പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥിയമ്മ ജൂലൈ 22ന് അര്‍ധരാത്രിയോടെയാണ് മരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം. നാളുകളായി ചികിത്സയിലായിരുന്നു.