ന്യൂഡൽഹി: രാജ്യത്തിന്‍റെ അഖണ്ഡത നിലനിർത്തുകയും ഭരണഘടന സംരക്ഷിക്കുകയുമാണ് ഇന്ത്യൻ രാഷ്‌ട്രപതിയുടെ പ്രഥമ കർത്തവ്യം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിമാരുടെ ഉപദേശപ്രകാരം സംസ്ഥാനങ്ങളിലും രാജ്യത്തും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഓർഡിനൻസുകൾ പ്രഖ്യാപിക്കാനും മാപ്പ് നൽകാനും രാഷ്‌ട്രപതിക്ക് അധികാരമുണ്ട്. പാർലമെന്‍റ് സമ്മേളനങ്ങൾ വിളിച്ചുകൂട്ടാനും സായുധ സേനയുടെ പരമോന്നത കമാൻഡറായി പ്രവർത്തിക്കാനുമുള്ള അധികാരം രാഷ്‌ട്രപതിയിൽ നിക്ഷിപ്‌തമാണ്.
ഇരുസഭകളിലായുള്ള 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ വോട്ടുചെയ്യുക. അഞ്ച് വർഷമാണ് രാഷ്‌ട്രപതിയുടെ കാലാവധി. 2027 ജൂലൈ 24 വരെയാണ് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ കാലാവധി. രണ്ടാമതും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ ആദ്യ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് മാത്രമാണ് രണ്ട് തവണ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഭരണഘടനയുടെ 61-ാം അനുച്ഛേദം അനുശാസിക്കുന്ന നടപടിക്രമങ്ങൾക്ക് അനുസൃതമായിട്ടാകണം രാഷ്‌ട്രപതിക്ക് സ്ഥാനമൊഴിയാൻ. ഉപരാഷ്‌ട്രപതിയെ അഭിസംബോധന ചെയ്‌തുകൊണ്ട് രാജിക്കത്ത് എഴുതിയ ശേഷം രാഷ്‌ട്രപതിക്ക് രാജിവയ്ക്കാം. രാജ്യത്തിന്‍റെ എക്‌സിക്യൂട്ടിവ് അധികാരം രാഷ്‌ട്രപതിക്കാണ്. എക്‌സിക്യൂട്ടിവ് അധികാരം രാഷ്‌ട്രപതിക്ക് നേരിട്ടോ കീഴിലുള്ള ഉദ്യോഗസ്ഥർ മുഖേനയെ വിനിയോഗിക്കാം.
ഭരണഘടന വ്യവസ്ഥകൾ അനുസരിച്ച് കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ലോക്‌സഭ പിരിച്ചുവിടാനുള്ള അധികാരം രാഷ്‌ട്രപതിക്കുണ്ട്. പാർലമെന്‍റിന്‍റെ ഇരുസഭകളിലും സമ്മേളനം നടക്കാത്തപ്പോൾ അടിയന്തര പ്രാധാന്യമുള്ള നിയമങ്ങൾ ഓർഡിനൻസുകളായി ഇറക്കാനുള്ള അധികാരം രാഷ്‌ട്രപതിക്കുണ്ട്.
പാർലമെന്‍റിൽ സാമ്പത്തിക ബിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ ശിപാർശ അനിവാര്യമാണ്. കൂടാതെ, മാപ്പ് നൽകൽ, ശിക്ഷയിൽ ഇളവ് നൽകൽ, റദ്ദാക്കൽ എന്നിവയ്ക്കും രാഷ്‌ട്രപതിയുടെ ശിപാർശ വേണം.
ഏതെങ്കിലും സംസ്ഥാനത്ത് ഭരണഘടന സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ, സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ രാഷ്‌ട്രപതിക്ക് സ്വയം ഏറ്റെടുക്കാം. യുദ്ധം, സായുധ കലാപം, ബാഹ്യ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളിൽ ഇന്ത്യയിലാകയോ ഒരു പ്രദേശത്ത് മാത്രമായോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്‌ട്രപതിക്ക് അധികാരമുണ്ട്.