ഭുവനേശ്വര്‍: പഠനകാലയളവിലെ ഓര്‍മകളിലേക്ക് കടന്നു ചെന്ന് വികാരഭരിതയായി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. 1970 കാലഘട്ടങ്ങളില്‍ താന്‍ പഠിച്ച സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ഒഡീഷ ടൂറിന്‍റെ രണ്ടാം ദിവസത്തിന്‍റെ ഭാഗമായി സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു രാഷ്‌ട്രപതി. തന്‍റെ പഠനകാലയളവില്‍ താമസിച്ചിരുന്ന കുണ്ടള കുമാരി സബത്ത് ആദിവാസി ഹോസ്‌റ്റലിലും രാഷ്‌ട്രപതി സന്ദര്‍ശിച്ചു.
തന്‍റെ 13 സഹപാഠികളെയും അധ്യാപകരെയും സന്ദര്‍ശിച്ച രാഷ്‌ട്രപതി തന്‍റെ സ്ഥാനമാനങ്ങള്‍ മറന്ന് സഹപാഠിയായി തന്നെ അവര്‍ക്കിടയിലേക്ക് ചെന്ന് സന്തോഷം പങ്കുവച്ചു. കാന്തഗിരി നഗരത്തിലെ തപാബന ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ദ്രൗപതി മുര്‍മു ഇന്ന് തന്‍റെ ദിവസം ആരംഭിച്ചത്.
അനുഭവങ്ങള്‍ പങ്കുവച്ച് രാഷ്‌ട്രപതി: 'ഉപര്‍ബേഡ ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് എന്‍റെ പഠനം ആരംഭിച്ചത്. അന്ന് സ്‌കൂള്‍ കെട്ടിടങ്ങളൊന്നും ഇല്ലായിരുന്നു. പുല്ലുമേഞ്ഞ ഒരു വീട്ടിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്'- സ്‌കൂള്‍ കാലഘട്ടം ഓര്‍ത്തെടുത്തുകൊണ്ട് അവര്‍ പറഞ്ഞു.
'ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികള്‍ ഭാഗ്യം ചെയ്‌തവരാണ്. ഞങ്ങള്‍ ക്ലാസ് മുറികള്‍ അടിച്ചുവാരും. സ്‌കൂളിന്‍റെ പരിസരം ചാണകം ഉപയോഗിച്ച് മെഴുകും. മുന്‍ധാരണകളൊന്നും ഇല്ലാതെയാണ് ഞങ്ങളുടെ കാലഘട്ടത്തിലെ കുട്ടികള്‍ പഠിച്ചിരുന്നത്. കഠിനാധ്വാനം ചെയ്യുക, പഠനത്തില്‍ ശ്രദ്ധിക്കുക എന്നതാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്', വിദ്യാര്‍ഥിനികളോടുള്ള സംവാദത്തിന്‍റെ അവസരത്തില്‍ രാഷ്‌ട്രപതി പറഞ്ഞു.
'അന്ന് പുറംലോകത്തെക്കുറിച്ചറിയാന്‍ ഞങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ്, ടെലിവിഷന്‍ തുടങ്ങിയ യാതൊരുവിധ സംവിധാനങ്ങളുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പുറത്ത് നിന്നൊരു വ്യക്തിയല്ലായിരുന്നു എന്‍റെ റോള്‍ മോഡല്‍. എന്‍റെ മുത്തശ്ശി തന്നെയായിരുന്നു എനിക്ക് മാതൃക'.
'എങ്ങനെ അവര്‍ ആളുകളെ, പ്രത്യേകിച്ച് സ്‌ത്രീകളെ സഹായിച്ചിരുന്നു എന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്‍റെ മുത്തശ്ശി ഉള്‍ക്കരുത്തുള്ള വ്യക്തിയായിരുന്നു. അവരുടെ ജീവിതത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ ഞാന്‍ പഠിച്ചു', ദ്രൗപതി മുര്‍മു പറഞ്ഞു.
8-ാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ പഠിച്ച സ്‌കൂളില്‍ ദ്രൗപതി മുര്‍മു സന്ദര്‍ശിച്ചപ്പോള്‍ നിരവധി വിദ്യാര്‍ഥികളാണ് രാഷ്‌ട്രപതിയ്‌ക്ക് ആശംസകളുമായെത്തിയത്. തനിക്കായി കാത്തുനിന്ന വിദ്യാര്‍ഥികളുടെ കൂട്ടത്തെ അഭിസംബോധന ചെയ്‌ത് എത്തിയ രാഷ്‌ട്രപതി ക്യാമ്പസിന് ഉണര്‍വേകി. കൂടാതെ പഠനകാലഘട്ടത്തില്‍ താമസിച്ചിരുന്ന സര്‍ക്കാരിന്‍റെ കീഴിലുള്ള കുണ്ടല കുമാരി സബത് ഹോസ്‌റ്റലിലും അവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
വികാരഭരിതയായി മുര്‍മു: 'ഞങ്ങള്‍ നേരത്തെ രാഷ്‌ട്രപതി താമസിച്ചിരുന്ന മുറിയും പഠിച്ചിരുന്ന സമയം ഉറങ്ങിയിരുന്ന കട്ടിലും കാണിച്ച് കൊടുത്തു. വികാരഭരിതയായ രാഷ്‌ട്രപതി കുറെ നേരം കട്ടിലില്‍ തന്നെ ഇരുന്നു', ഒരു അധ്യാപിക പറഞ്ഞു. 1970 മുതല്‍ 1974 വരെ താമസിച്ചിരുന്ന ഹോസ്‌റ്റലിന്‍റെ പരിസരത്ത് ഒരു ചെടിയും നട്ടുപിടിപ്പിച്ചതിന് ശേഷമായിരുന്ന ഹോസ്‌റ്റലില്‍ നിന്നുള്ള മുര്‍മുവിന്‍റെ മടക്കം.
'രാജ്യത്തിന്‍റെ രാഷ്‌ട്രപതി ഞങ്ങളെ കാണാന്‍ വിളിപ്പിച്ചു എന്നതിന്‍റെ ആശ്ചര്യം ഞങ്ങള്‍ക്ക് വിട്ടുമാറിയിട്ടില്ല. ഞങ്ങളുടെ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് എനിക്ക് അറിയില്ല. രാഷ്‌ട്രപതി ഞങ്ങളുടെ സഹപാഠിയാണ് എന്നതില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമാണെന്ന്' ദ്രൗപതി മുര്‍മുവിന്‍റെ സഹപാഠിയും റിട്ടയഡ് കോളജ് അധ്യാപികയുമായ ചിന്‍മയി മേഹന്‍ടി പറഞ്ഞു.
'മുര്‍മു മറ്റ് സഹപാഠികളെയും കുറിച്ച് അന്വേഷിച്ചു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മുര്‍മുവിന്‍റെ സുഹൃത്ത് ചുനിയ്‌ക്ക് ഇന്ന് ഈ അവസരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. രാഷ്‌ട്രപതി ഞങ്ങളുടെ അടുത്തുവരുമ്പോള്‍ ഞങ്ങള്‍ക്ക് അധികം സംസാരിക്കാന്‍ സാധിക്കുന്നില്ല. ഞങ്ങളുടെ കൂടെ നിന്ന് അവര്‍ ഫോട്ടോയും എടുത്തു', ചിന്‍മയി കൂട്ടിച്ചേര്‍ത്തു.
'ഇന്ന് ഞാൻ ഭുവനേശ്വറിലെ എന്‍റെ ആൽമ മേട്ടർ ഗവൺമെന്‍റ് ഗേൾസ് ഹൈസ്‌കൂളും കുന്തളകുമാരി സബത്ത് ആദിവാസി ഗേൾസ് ഹോസ്റ്റലും സന്ദർശിച്ചു. അത് എനിക്ക് ഗൃഹാതുര നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. വിദ്യാര്‍ഥി ജീവിതത്തിന്‍റെ ഓര്‍മകളിലേക്ക് എത്താന്‍ എനിക്ക് സാധിച്ചു. തന്‍റെ രൂപത്തില്‍ മണല്‍കൊണ്ട് നിര്‍മിച്ച ശില്‍പം കണ്ടപ്പോള്‍ അതീവ സന്തോഷവതിയായിരുന്നുവെന്ന് രാഷ്‌ട്രപതി ട്വിറ്ററില്‍ തന്‍റെ അനുഭവം കുറിച്ചു.