ലക്‌നൗ: പത്മ പുരസ്‌കാരം വീട്ടിലെത്തിച്ച് നല്‍കണമെന്ന ഫസിയബാദ് സ്വദേശി മുഹമ്മദ് ഷരീഫിന്‍റെ അപേക്ഷയില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍. ഷെരീഫിന്‍റെ അപേക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്ന് രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. അവശ്യ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഓഫിസ് വ്യക്തമാക്കി.
25 വര്‍ഷത്തിനിടെ 25,000 ലധികം അനാഥ മൃതദേഹം സംസ്‌കരിച്ച ഷരീഫിന് 2020ലാണ് പത്മ പുരസ്‌കാരം ലഭിക്കുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പുരസ്‌കാര വിതരണം നടന്നിരുന്നില്ല. ഇതിനിടെ അസുഖബാധിതനായ ഷെരീഫ് കിടപ്പിലായി. താന്‍ കിടപ്പിലാണെന്നും പുരസ്‌കാരം വീട്ടിലെത്തിച്ച് നല്‍കണമെന്നും അഭ്യര്‍ഥിച്ച് ജൂലൈ 19 നാണ് ഷരീഫ് രാഷ്ട്രപതിക്ക് നിവേദനം നല്‍കുന്നത്.
വഖഫ് ഭൂമിയിലെ രണ്ട് മുറി വീട്ടിലാണ് താമസം. പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ 80 സ്ക്വയര്‍ഫിറ്റുള്ള ഒരു വീട് ജില്ല ഭരണകൂടം അനുവദിച്ചിരുന്നു. എന്നാല്‍ കൂട്ടുകുടുംബമായതിനാല്‍ തിങ്ങി ഞെരുങ്ങിയാണ് വീട്ടില്‍ കഴിയുന്നത്. കൊവിഡ് വന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഷരീഫ് പറയുന്നു.
കടത്തില്‍ മുങ്ങിയിരിക്കുകയാണെന്നും മരുന്ന് വാങ്ങാന്‍ പോലും പണമില്ലെന്നും ധനസഹായം നല്‍കി സഹായിക്കണമെന്നും ഷെരീഫ് രാഷ്ട്രപതിക്കയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. അതേസമയം, രാഷട്രപതിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും മുഹമ്മദ് ഷരീഫിന് ഉടന്‍ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Also read: ഉത്തർപ്രദേശ് വാഹനാപകടം; അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്