ഗുവാഹത്തി: അസമിലെ തേസ്‌പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് കന്നി യുദ്ധവിമാന യാത്ര നടത്തി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. സുഖോയ് 30 എംകെഐ വിമാനത്തിലാണ് രാഷ്‌ട്രപതി തന്‍റെ കന്നിയാത്ര നടത്തിയത്. തേസ്‌പൂരിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്നും പറന്നുയര്‍ന്ന സുഖോയ് വിമാനത്തില്‍ ഗ്രൂപ്പ് ക്യാപ്‌റ്റന്‍ നവീന്‍ കുമാര്‍ തിവാരി രാഷ്‌ട്രപതിയെ അനുഗമിച്ചു.
അസമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഗുവാഹത്തിയില്‍ നിന്നാണ് തേസ്‌പൂരില്‍ എത്തിയത്. എയർ മാർഷൽ എസ് പി ധാർകർ, ഗവർണർ ഗുലാബ് ചന്ദ് കതാരിയ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ ചേർന്ന് എയർ ബേസിൽ രാഷ്‌ട്രപതിയെ സ്വീകരിച്ചു. ദ്രൗപതി മുര്‍മുവിന്‍റെ ആദ്യ യുദ്ധവിമാന യാത്രയ്‌ക്ക് പുറമെ, ആദ്യമായി ഒരു രാഷ്‌ട്രപതി തേസ്‌പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്നു എന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്.
ഇന്ത്യയുടെ ആദ്യ വനിത രാഷ്‌ട്രപതിയായിരുന്ന പ്രതിഭ പാട്ടീല്‍ നേരത്തെ സുഖോയ് വിമാനത്തില്‍ യാത്ര ചെയ്‌തിരുന്നു. യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്ന ആദ്യ വനിത രാഷ്‌ട്രപതി എന്ന വിശേഷണത്തിനാണ് തന്‍റെ യുദ്ധവിമാന യാത്രയിലൂടെ പ്രതിഭ പാട്ടീല്‍ അര്‍ഹയായത്. ഗുരുത്വാകര്‍ഷണ പ്രഭാവത്തെ നേരിടാന്‍ പൈലറ്റുമാര്‍ ധരിക്കുന്ന പ്രത്യേക ജി സ്യൂട്ട് ധരിച്ച്, കോക്ക്‌പിറ്റിലെ കോ പൈലറ്റിന്‍റെ സീറ്റിലിരുന്ന് പ്രതിഭ പാട്ടീല്‍ അന്ന് എയര്‍ബേസില്‍ തടിച്ച് കൂടിയ ആളുകള്‍ക്ക് നേരെ കൈ വീശി കാണിച്ചിരുന്നു. മുന്‍ രാഷ്‌ട്രപതി എപിജെ അബ്‌ദുല്‍ കലാമും സുഖോയ് വിമാനത്തില്‍ യാത്ര ചെയ്‌തിട്ടുണ്ട്. 2006ലായിരുന്നു എപിജെ അബ്‌ദുല്‍ കലാമിന്‍റെ യുദ്ധവിമാന യാത്ര.
രണ്ട് ദിവസത്തെ അസം സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സംസ്ഥാനത്ത് എത്തിയത്. സന്ദര്‍ശനത്തിന്‍റെ ആദ്യദിവസമായ ഇന്നലെ കാസിരംഗ ദേശീയ ഉദ്യാനത്തിലെ ഈ വര്‍ഷത്തെ ഗജ് ഉത്സവ് രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്‌തു. ഗുവാഹത്തിയിലെ മൗണ്ട് കാഞ്ചന്‍ജംഗ പര്യവേഷണവും ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു. ഗുവാഹത്തി ഹൈക്കോടതി 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ചടങ്ങിലും രാഷ്‌ട്രപതി പങ്കെടുത്തിരുന്നു.