ബെംഗളൂരു : അധ്യാപകര്‍ ശ്രദ്ധിക്കാതായതോടെ പരസ്‌പരം തമ്മില്‍തല്ലി പ്രീ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ബെംഗളൂരുവിലെ ചിക്കലസന്ദ്ര പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രീ സ്‌കൂളായ ടെന്‍ഡര്‍ഫൂട്ട് മോണ്ടിസോറി സ്‌കൂളില്‍ നടന്ന സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. അധ്യാപകരുടെ ഇടപെടലുകളില്ലാതെ അടച്ചിട്ട മുറിയ്‌ക്കുള്ളില്‍ ഒരു വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
വീഡിയോയില്‍ എന്ത് : പ്രചരിക്കുന്ന വീഡിയോയില്‍ വെളുത്ത ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ഥി മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച കുട്ടിയെ തുടര്‍ച്ചയായി തല്ലുന്നതായി കാണാം. ഈ സമയം ഒരു അധ്യാപിക ക്ലാസ് മുറിയിലേക്ക് കടന്നുവരുന്നുണ്ട്. വന്നതിനേക്കാള്‍ വേഗതയില്‍ അവര്‍ മടങ്ങിപ്പോവുകയും ചെയ്യുന്നു. ഈ സമയമത്രയും വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടി തുടരുന്നുണ്ട്. അടിയേറ്റ വിദ്യാര്‍ഥി നിലത്ത് വീണുകിടക്കുന്നതായും കാണാം. വീഡിയോയുടെ അവസാനഭാഗങ്ങളില്‍ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെട്ടാന്‍ വിദ്യാര്‍ഥി തന്‍റെ സഹപാഠിയുടെ പിറകില്‍ ഒളിക്കുന്നു. ഈ സമയവും വെളുത്ത ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ഥിയുടെ മര്‍ദനം തുടരുന്നുണ്ട്.
സംഭവത്തില്‍ അക്ഷര എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റിട്ടുള്ളത്. അക്ഷരയും സഹോദരന്‍ ആദ്യനാഥും അടുത്തിടെയാണ് ഈ പ്രീ സ്‌കൂളില്‍ പ്രവേശനം നേടുന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഇത്തരത്തിലുള്ള കശപിശകളും കയ്യാങ്കളികളും വച്ചുപൊറുപ്പിക്കാനാവില്ലെന്നും അധ്യാപകരുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായെന്നുമാണ് വീഡിയോ പ്രചരിച്ചതോടെയുള്ള രക്ഷിതാക്കളുടെ പ്രതികരണം. എന്നാല്‍ ഇത് സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സ്വാഭാവിക അടിപിടിയായി കണ്ടാല്‍മതിയെന്നാണ് സ്‌കൂളിന്‍റെ വിശദീകരണം.
പ്രതികരണങ്ങള്‍ ഇങ്ങനെ : കൊച്ചുകുട്ടികളെ നോക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് രക്ഷിതാക്കള്‍ക്ക് മനസിലാകും. ഒരു പത്ത് മിനിറ്റ് കുട്ടികളെ ആരും നോക്കാനില്ലാതെ വിട്ടാല്‍ അവര്‍ക്ക് എന്തും സംഭവിക്കാം. ദയവായി നിങ്ങളുടെ കുട്ടികളെ ഈ സ്കൂളിൽ അയയ്ക്കരുതെന്നും ഇത് വിനീതമായ ഒരു അഭ്യർഥനയാണെന്നുമാണ് ഒരു രക്ഷിതാവ് പ്രചരിക്കുന്ന ഈ വീഡിയോയ്‌ക്ക് താഴെ പ്രതികരിച്ചത്. ഇത് തികച്ചും മനുഷ്യത്വരഹിതമാണ്. ദയവായി നിങ്ങള്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇത് അറിയിക്കുക. കുട്ടികളെ ടെൻഡർഫൂട്ടിലേക്ക് അയക്കുന്നതിന് മുമ്പ് ദയവായി പുനർവിചിന്തനം നടത്തുക എന്നായിരുന്നു മറ്റൊരു രക്ഷിതാവിന്‍റെ പ്രതികരണം.
സ്‌മാർട്ട് ഡയറ്റുമായി കേരളം : എന്നാല്‍ കേരളത്തില്‍ വനിത ശിശു വകുപ്പിന്‍റെ നേതൃത്വത്തിൽ അംഗനവാടി കുട്ടികൾക്കായി 'സ്‌മാർട്ട് ഡയറ്റ്' പദ്ധതി നടപ്പിലാക്കി വരികയാണ്. മലപ്പുറത്തായിരുന്നു പദ്ധതി ആദ്യമായി തുടക്കം കുറിച്ചത്. വൈവിധ്യവും പോഷക സമൃദ്ധവുമായ ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതുപ്രകാരം തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസവും വ്യത്യസ്‌തവും രുചികരവുമായ മെനു ഒരുക്കി നല്‍കും. കുടുംബശ്രീ വഴി വീടുകളിലെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, മുട്ട, പാൽ തുടങ്ങിയ ഭക്ഷ്യ വസ്‌തുക്കൾ ഉപയോഗിച്ചാണ് ആഹാരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 10 അംഗനവാടികളില്‍ പ്രാഥമികമായി നടപ്പിലാക്കുന്ന ഈ പദ്ധതി തുടർന്ന് ജില്ലയിലെ മുഴുവൻ അംഗനവാടികളിലേക്കും വ്യാപിപ്പിച്ചിരുന്നു.