തിരുപ്പതി: ഭർത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഗർഭിണി നടന്നത് 65 കിലോമീറ്ററോളം. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ താമസിക്കുന്ന കോതുരു വർഷിണിയാണ് കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയത്. 9 മാസം ഗർഭിണിയായിരുന്ന യുവതിക്ക് വഴിയിൽ വച്ച് പ്രസവവേദന ഉണ്ടാകുകയും ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു.
സംഭവമിങ്ങനെ: താനുമായി ഭർത്താവ് നിരന്തരം വഴക്കിട്ടിരുന്നതായി വർഷിണി പറയുന്നു. തിരുപ്പതിയിൽ നിന്ന് നടന്ന് വെള്ളിയാഴ്‌ച (മെയ് 13) അർധരാത്രി നായിഡുപേട്ട ആർടിസി ബസ് സ്റ്റാൻഡിലെത്തിയതോടെയാണ് വർഷിണിക്ക് പ്രസവവേദന തുടങ്ങിയത്. വഴിയിലൂടെ കടന്നുപോയ വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും ആരും നിർത്തിയില്ല. തുടർന്ന് ഒരു യുവാവെത്തി ഉടൻ തന്നെ ആംബുലൻസിനെ വിരമറിയിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാർ വർഷിണിയോട് സംഭവങ്ങൾ ചോദിച്ചു മനസിലാക്കി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ വൈഎസ്ആർ നഗർ സ്വദേശിയായ വർഷിണി ഉപജീവനത്തിനായാണ് ഭർത്താവിനൊപ്പം തിരുപ്പതിയിലേക്കെത്തിയത്. വീടുവിട്ടിറങ്ങിയ യുവതിക്ക് രണ്ടുദിവസമായി ശരിയായ ഭക്ഷണമോ പാർപ്പിടമോ ലഭിച്ചിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. പ്രസവശേഷം ധരിക്കാൻ ആശുപത്രി ജീവനക്കാർ തങ്ങളുടെ വീട്ടിൽ നിന്നും വസ്‌ത്രവും ഭക്ഷണവും എത്തിച്ചുനൽകി.
കൂടാതെ കുഞ്ഞിന് തൂക്കം കുറവായതിനാൽ മികച്ച ചികിത്സയ്‌ക്കായി നെല്ലൂരിലേക്ക് അയച്ചു. അതേസമയം ഭർത്താവിന്‍റെയും മാതാപിതാക്കളുടെയും പേരുവിവരങ്ങൾ നൽകാൻ യുവതി വിസമ്മതിച്ചതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ആശുപത്രി ജീവനക്കാർ ദിശ പൊലീസിൽ വിവരമറിയിച്ചു.