ശ്രീനഗര്‍: സഞ്ചാരികളുടെ സ്വർഗമാണ് കശ്മീർ. പക്ഷേ ഭൂമിയിലെ സ്വർഗം പലപ്പോഴും പ്രദേശവാസികൾക്ക് നല്‍കുന്നത് തീരാ ദുരിതം. പ്രസവ വേദന രൂക്ഷമായ യുവതിയെ ജെസിബിയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ കശ്‌മീരില്‍ നിന്ന് പുറത്തുവരുന്നത്.
കനത്ത മഞ്ഞുവീഴ്ച കാരണം റോഡില്‍ വാഹനങ്ങള്‍ തെന്നിമാറിയതോടെയാണ് ജെസിബി ഉപയോഗിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. അനന്തനാഗ് ജില്ലയിലെ വിദൂര പർവതപ്രദേശമായ കപ്രൻ വെരിനാഗില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
Also Read: കിഷ്ത്വാറിലെ നാടോടി കുടുംബത്തിന് സഹായമെത്തിച്ച് ഇന്ത്യന്‍ സൈന്യം
ഗര്‍ഭിണിക്ക് രാത്രി പ്രസവവേദന അനുഭവപ്പെട്ടു. കനത്ത മഞ്ഞ് വീഴ്ചയും കൊടും തണുപ്പും കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം. റോഡില്‍ വാഹനം ഇറക്കിയാല്‍ തെന്നിമാറും. ഇതോടെ കുടുംബം പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന (പി.എം.ജി.എസ്.വൈ) അധികൃതരുമായി ബന്ധപ്പെട്ടു.
സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ അടുത്തുള്ള റോഡ് കോൺട്രാക്ടര്‍ ജാവേദ് അഹമ്മദുമായി ബന്ധപ്പെട്ടു. ജാവേദ് ഉടന്‍ പ്രദേശത്തെ ജെസിബി ഡ്രൈവറെ വിവരം അറിയിച്ചു.
Also Read: മഞ്ഞില്‍ കുളിച്ച് കശ്‌മീർ... ദൃശ്യങ്ങള്‍ കാണാം...
ദൗത്യം ഏറ്റെടുത്ത ജെ.സി.ബി ഡ്രൈവര്‍ യുവതിയുടെ വീട്ടിലെത്തി ഇവരെ ജെ.സി.ബിയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നു യുവതിയെ അനന്തനാഗ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
Also Read: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി അനന്തനാഗ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി അധികൃതര്‍ അറിയിച്ചു.