ജമുയി: ബിഹാറിലെ ജമുയില്‍ നിന്നുള്ള യുവതിയെ ഒമാനിലെ മസ്‌കറ്റില്‍ മനുഷ്യക്കടത്തുകാര്‍ തടഞ്ഞ് വച്ചെന്ന് ബന്ധുക്കള്‍. ജോലിവാഗ്‌ദാനം ചെയ്‌താണ് ലക്ഷ്‌മി ദേവിയെ ഇവര്‍ ഒമാനിലേക്ക് കൊണ്ടുപോയത്. ലക്ഷ്‌മിദേവി ഗര്‍ഭിണിയാണ്. വസീം, സനോ സയിദ് എന്നിവരാണ് മുപ്പത് വയസുള്ള യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും ഇവര്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുവതിയുടെ മോചനത്തിനായി വിദേശ കാര്യമന്ത്രാലയ അധികൃതരുടെ സഹായം തേടുകയാണ് ബന്ധുക്കള്‍. ഡല്‍ഹിയിലാണ് ജോലി എന്നാണ് ആദ്യം യുവതിയെ ഇവര്‍ അറിയിച്ചത്.
അതുപ്രകാരം യുവതി ഡല്‍ഹിയിലേക്ക് പോകുകയും ചെയ്‌തു. എന്നാല്‍ പിന്നീട് യുവതിയെ ഒമാനിലേക്ക് കടത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ലക്ഷ്‌മി ദേവിയെ കാണാനായി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വസീം ലക്ഷ്‌മിയെ ഒമാനിലേക്ക് അയച്ച കാര്യം തങ്ങള്‍ അറിയുന്നതെന്ന് ലക്ഷ്‌മിയുടെ മൂത്ത സഹോദരന്‍ പ്രകാശ് ദാസ് പറഞ്ഞു. തന്നെ ഇവിടെ തടവില്‍ വച്ചിരിക്കുകയാണെന്നും വലിയ പീഡനമാണ് താന്‍ അനുഭവിക്കുന്നതെന്നും അവസാനമായി ഫോണ്‍ ചെയ്‌തപ്പോള്‍ ലക്ഷ്‌മി ദേവി പറഞ്ഞെന്ന് പ്രകാശ് ദാസ് പറഞ്ഞു. ഡല്‍ഹി പഹാര്‍ ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.