ന്യൂഡൽഹി: ഫോണ്‍ വിളിക്കുന്ന സമയത്ത് ലഭ്യമാവുന്ന കൊവിഡ് ബോധവത്‌കരണ അറിയിപ്പ് (Pre-Call Audio Announcements) കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഒഴിവാക്കിയേക്കും. കൊവിഡ് മഹാമാരി വ്യാപനം രണ്ട് വർഷം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് കടക്കുന്നത്. ഉദ്ദേശിച്ചത് പൂര്‍ണാര്‍ഥത്തില്‍ നിറവേറ്റിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ ലഭ്യമാവാന്‍ കാലതാമസമുണ്ടാകുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഈ തീരുമാനത്തിലേക്ക് കടക്കുന്നത്. പ്രീ കോൾ അറിയിപ്പുകള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ALSO READ: ദേശീയ പണിമുടക്ക്: ബാങ്കിങ് സേവനങ്ങളെ ബാധിക്കും
“മഹാമാരിക്കെതിരായ രാജ്യത്തെ മെച്ചപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഈ ഓഡിയോ ക്ലിപ്പുകൾ നീക്കംചെയ്യുന്നത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു.” ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പൗരന്മാർക്കിടയിൽ കൊവിഡ് അവബോധം പ്രചരിപ്പിക്കുന്നതിനും പകർച്ചവ്യാധി സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുമാണ് മുന്നറിയിപ്പായി നല്‍കിയിരുന്നത്.