ന്യൂഡൽഹി : ഓള്‍ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് (All India Professional Congress) ചെയർമാൻ സ്ഥാനത്തുനിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി നേതൃത്വം. കോൺഗ്രസ് പ്രവർത്തക സമിതി (Congress Working Committee) അംഗമായ സാഹചര്യത്തിലാണ് തരൂരിനെ മാറ്റിയതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം (Praveen Chakravarty Appointed As New AIPC Chairman).
നിലവിൽ പാർട്ടിയുടെ ഡാറ്റ അനലിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ (Data Analytics Department of Congress) തലവനായ പ്രവീൺ ചക്രവർത്തിയാണ് എഐപിസിയുടെ പുതിയ ചെയർമാൻ. കോൺഗ്രസിന്‍റെ സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് (KC Venugopal) തരൂരിനെ മാറ്റിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്ഥാനമൊഴിയുന്ന ചെയർമാനായ തരൂരിന്‍റെ സംഭാവനകളെ പാർട്ടി അഭിനന്ദിക്കുന്നതായി കെ സി പ്രസ്‌താവനയില്‍ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ആശയമായിരുന്നു പ്രൊഫഷണൽ കോൺഗ്രസ്. രാഷ്ട്രീയത്തിൽ താത്പര്യമുള്ള പ്രൊഫഷണലുകൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ഓള്‍ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ആരംഭിച്ചത്. എഐപിസിയുടെ സ്ഥാപക ചെയർമാനായിരുന്നു ശശി തരൂർ.
പുതിയ എഐപിസി ചെയർമാനായ പ്രവീൺ ചക്രവർത്തി 2018 ലാണ് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് പാർട്ടിയുടെ ഡാറ്റ അനലിറ്റിക്‌സ് വിഭാഗം തലവനായി പ്രവർത്തിച്ചുവരികയായിരുന്നു. മുൻ ധനമന്ത്രി പി ചിദംബരത്തിനൊപ്പം കോൺഗ്രസിന്‍റെ ന്യായ് പദ്ധതിയുടെ കരട് തയ്യാറാക്കിയതിലും, മൻമോഹൻ സിങ് സർക്കാരിന്‍റെ കാലത്ത് ആധാര്‍ കാര്‍ഡ് ആവിഷ്‌കരിച്ചതിലും പ്രവീൺ ചക്രവർത്തി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.