ന്യൂഡല്‍ഹി : തുടര്‍ച്ചയായുണ്ടായ പരാജയങ്ങളില്‍ നിന്നും കരകയറാന്‍ കിഷോര്‍ തന്ത്രങ്ങള്‍ പയറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വെള്ളിയാഴ്ചയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തും.
അടുത്ത ദിവസം അദ്ദേഹം പാര്‍ട്ടിയില്‍ ചേരും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്‌ച. 600 സ്ലൈഡുകളുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷനാണ് അദ്ദേഹം നേതാക്കള്‍ക്ക് മുൻപിൽ അവതരിപ്പിക്കുകയെന്നാണ് വിവരം. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ചർച്ചയിൽ പങ്കെടുക്കും. മൂന്നുനാലു ദിവസത്തിനകം പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്നും അഭ്യൂഹമുണ്ട്.
ഉത്തർ പ്രദേശ്, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ കോൺഗ്രസ് തനിച്ച് മത്സരിക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിർദേശം. തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഖ്യമായി മത്സരിക്കാം. 370 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് പ്രശാന്ത് കിഷോറുമായി കോൺഗ്രസ് വീണ്ടും ചർച്ചകൾ പുനരാരംഭിച്ചത്.
ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ സ്ഥിതിയും ചർച്ചയാകും. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശദമായ റൂട്ട്മാപ്പ് പ്രശാന്ത് കിഷോർ അവതരിപ്പിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. കോൺഗ്രസിൽ പ്രശാന്ത് കിഷോറിന്റെ ചുമതല എന്തായിരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.