റായ്‌പൂര്‍: ജനസംഖ്യ നിയന്ത്രണത്തിനുള്ള നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ. ബറോണ്ടയിലെ ഐ.സി.എ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് മാനേജ്‌മെന്‍റില്‍, ഗരീബ് കല്യാൺ പദ്ധതിയുടെ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് അദ്ദേഹത്തിന്‍റെ മറുപടി.
നിയന്ത്രണം ഉടൻ കൊണ്ടുവരും. അക്കാര്യത്തില്‍ വിഷമിക്കേണ്ട. ഒട്ടനവധി കരുത്തുറ്റ തീരുമാനങ്ങളെടുക്കുമ്പോള്‍ മറ്റുള്ളവയും കേന്ദ്രം പരിഗണിക്കും. ഛത്തീസ്‌ഗഡിലെ ഭരണകക്ഷിയായ കോൺഗ്രസ്, ചില കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു.
ദേശീയ ശരാശരി 50 ശതമാനമായിരിക്കെ ജൽ ജീവൻ മിഷന്‍റെ കീഴിൽ സംസ്ഥാന സർക്കാരിന് 23 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിക്കാനെ കഴിഞ്ഞിട്ടുള്ളൂ. സംസ്ഥാനത്തെ ജലസ്രോതസുകൾക്ക് പ്രശ്‌നമില്ലെങ്കിലും ഭരണത്തിനാണ് പ്രശ്‌നം. അതുപോലെ, പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.