ചണ്ഡിഗഡ് : ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് കുറച്ച് പഞ്ചാബ് സർക്കാർ. യൂണിറ്റിന് മൂന്ന് രൂപയാണ് കുറവ് വരുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
100 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് (2 കിലോവാട്ട് വരെ) വൈദ്യുതി നിരക്ക് യൂണിറ്റിന് 4.19 രൂപയിൽ നിന്ന് 1.19 രൂപയായും, 101-300 യൂണിറ്റുകൾക്ക് 4.01 രൂപയും, 300 യൂണിറ്റിന് മുകളിലുള്ളതിന് നിരക്ക് 4.01 രൂപയായും കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഇതോടെ രാജ്യത്ത് കുറഞ്ഞ നിരക്കില്‍ ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി നല്‍കുന്ന സംസ്ഥാനമായി പഞ്ചാബ് മാറിയെന്നും ചന്നി അവകാശപ്പെട്ടു.
ഡൽഹിയിലെ ആം ആദ്‌മി സർക്കാരിന്‍റെ പവർ സബ്‌സിഡി പ്രതിവർഷം 2,220 കോടിയാണെന്നും പഞ്ചാബിൽ 14,000 കോടി രൂപയാണെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.
also read: 'വീട്ടില്‍ താമസിക്കാന്‍ കഴിയുന്നില്ല'; യു.പിയില്‍ കാണാതായ കൗമാരക്കാരികളെ കണ്ടെത്തി
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള പുതിയ തീരുമാനം ഖജനാവിന് പ്രതിവർഷം 3,316 കോടി രൂപയുടെ ഭാരം വരുത്തും.
72 ലക്ഷം ഗാർഹിക ഉപഭോക്താക്കളില്‍ ഏകദേശം 69 ലക്ഷത്തിന് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.