ഉജ്ജയിൻ (മധ്യപ്രദേശ്) : ഉജ്ജയിനിൽ വിവാഹ ചടങ്ങുകൾക്കിടെയുണ്ടായ വൈദ്യുതി തകരാർ മൂലം വധുക്കള്‍ പരസ്‌പരം മാറി. അസ്‌ലാനയിൽ മെയ് 5നായിരുന്നു സംഭവം. രമേഷ് ലാൽ റെലോട്ടിന്‍റെ മൂന്ന് പെൺമക്കളുടെയും മകന്‍റെയും വിവാഹ ചടങ്ങിനിടെയാണ് ഇരിക്കേണ്ട ഇടങ്ങള്‍ മാറിയത് ആശയക്കുഴപ്പത്തിനിടയാക്കിയത്. പ്രദേശത്ത് ദിവസവും രാത്രി 7 മുതൽ അർധരാത്രി വരെ വൈദ്യുതി മുടങ്ങാറുണ്ട്.
മൂന്ന് പെൺമക്കളിൽ കോമൾ, രാഹുലിനെയും നികിത, ഭോലയെയും കരിഷ്‌മ, ഗണേശിനെയുമാണ് വിവാഹം ചെയ്യാൻ നിശ്ചയിച്ചത്. വൈകുന്നേരം കോമളിന്‍റെയും രാഹുലിന്‍റെയും വിവാഹ ചടങ്ങുകൾ നടന്നു. കല്യാണത്തിനായി രാത്രി 11 മണിയോടെ ഭോലയും ഗണേശും വധുമാരുടെ വീട്ടിലെത്തി.
എന്നാൽ വിവാഹചടങ്ങുകൾ ആരംഭിച്ചതോടെ വൈദ്യുതി തടസമുണ്ടായി. ഇതിനിടെ പുരോഹിതൻ പ്രാർഥനകൾ ചൊല്ലാൻ തുടങ്ങിയതോടെ അബദ്ധത്തിൽ നികിത ഗണേശിനൊപ്പവും കരിഷ്‌മ ഭോലയ്‌ക്കൊപ്പവും ഇരുന്നു. നാല് പേരും അഗ്നി പ്രദക്ഷിണത്തിന് തയാറെടുക്കുമ്പോഴാണ് വധുക്കളെ പരസ്‌പരം മാറിപ്പോയത് ബന്ധുക്കൾ ശ്രദ്ധിക്കുന്നത്.
ഉടൻ തന്നെ ഇരുവരെയും മാറ്റി അതത് സ്ഥാനത്ത് നിർത്തിയെങ്കിലും അതിഥികൾക്കിടയിൽ അത് ആശയക്കുഴപ്പത്തിന് ഇടയാക്കി. എന്നാൽ ഉടൻതന്നെ ബന്ധുക്കൾ കാര്യങ്ങൾ വിശദീകരിച്ച് പ്രശ്‌നം പരിഹരിച്ചു.