മൻസ (പഞ്ചാബ്) : കഴിഞ്ഞ ദിവസം മൻസയിൽ കൊല്ലപ്പെട്ട ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ പോസ്റ്റ്‌മോർട്ട വിവരങ്ങള്‍ പുറത്ത്. വെടിയുണ്ടകള്‍ ഏറ്റുള്ള രണ്ട് ഡസനോളം മുറിവുകളാണ് സിദ്ദുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയത്. ആന്തരികാവയവങ്ങളിൽ മാരക മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും രക്തസ്രാവം മൂലമാണ് മരണമെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മൻസ സിവിൽ ആശുപത്രിയിലാണ് സിദ്ദുവിന്‍റെ പോസ്റ്റ്‌മോർട്ടം നടന്നത്. ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിന്‍റെ എക്‌സ്-റേ എടുത്ത ശേഷമായിരുന്നു ഡോക്‌ടർമാരുടെ അഞ്ചംഗ സംഘം പോസ്റ്റ്‌മോർട്ടം നടത്തിയത്. രണ്ട് ഫോറൻസിക് ഡോക്‌ടർമാരാണ് നേതൃത്വം നല്‍കിയത്.
പോസ്റ്റ്‌മോർട്ടത്തിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. സിദ്ദുവിന്‍റെ കുടുംബാംഗങ്ങൾ ആദ്യം പോസ്റ്റ്‌മോർട്ടത്തിന് സമ്മതം നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്നാണ് അനുവാദം നല്‍കിയത്. പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആറ് പേരെ കൂടുതൽ ചോദ്യം ചെയ്യലിനായി ലോക്കൽ പൊലീസിന്‍റെ സഹായത്തോടെ പഞ്ചാബിലേക്ക് കൊണ്ടുവന്നു. മൂസേവാല കൊലപാതകം ഹൈക്കോടതി സിറ്റിങ് ജഡ്‌ജി അന്വേഷിക്കും.