വാരണസി : അഹിന്ദുക്കളോട് ഗംഗാ തീരങ്ങളിലെ ഘട്ടുകളില്‍ നിന്നും അമ്പല പരിസരങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്ന പോസ്‌റ്ററുകള്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും തീവ്ര വലതുപക്ഷ സംഘടനകളാണ് പോസ്‌റ്ററുകള്‍ക്ക് പിന്നിലെന്നും യു.പി പൊലീസ് പറഞ്ഞു. അതേസമയം പോസ്‌റ്ററുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രാദേശിക സംഘപരിവാര്‍ നേതാക്കള്‍ രംഗത്തുവന്നു.
'ഗംഗയുടെ തീരങ്ങളിലുള്ള അമ്പലങ്ങലും ഘട്ടുകളും സനാതന ധര്‍മത്തിന്‍റെ പ്രതീകങ്ങളാണ്. അതില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം. ഇവിടങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല' - ഹിന്ദിയിലുള്ള പോസ്‌റ്ററുകളില്‍ പറയുന്നു.
ഘട്ടുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല എന്നുള്ള മുന്നറിയിപ്പ് നല്‍കുകയാണ് പോസ്‌റ്ററുകള്‍ എന്ന് വാരണാസിയിലെ ബജ്‌റംഗദള്‍ കണ്‍വീനര്‍ നിഖില്‍ ത്രിപാഠി പറഞ്ഞു. അഹിന്ദുക്കള്‍ ഘട്ടുകളുടെ പവിത്രത നശിപ്പിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ്. അഹിന്ദുക്കളായ ആളുകള്‍ മദ്യവും മാംസവും ഘട്ടുകളില്‍ വന്നുപയോഗിക്കുന്നുണ്ടെന്നും ബജ്‌റംഗദള്‍ നേതാവ് ആരോപിച്ചു.
ALSO READ: 'ബുള്ളി ബായ്' കേസ് : നീരജ് ആപ്പ് നിർമിച്ചത് പ്രശസ്‌തിക്ക് വേണ്ടിയെന്ന് പൊലീസ്
സനാതന ധര്‍മത്തെ ബഹുമാനിക്കാത്തവര്‍ ഘട്ടുകളില്‍ വരാന്‍ പാടില്ലെന്ന് വാരണാസി വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി രാജന്‍ ഗുപ്‌ത പറഞ്ഞു. ഇത് അപേക്ഷയല്ല മുന്നറിയിപ്പാണെന്ന് പോസ്‌റ്ററുകളില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ വരുന്ന നഗരമാണ് കിഴക്കന്‍ യുപിയിലെ വാരണാസി.