കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം പോളിങ് ആരംഭിക്കുന്നത് പശ്ചിമ ബംഗാളിലാണ്. ആതുകൊണ്ട് തന്നെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള തപാൽ ബാലറ്റ് വോട്ടെടുപ്പ് തിങ്കളാഴ്ച മുതൽ ഈസ്റ്റ് മിഡ്‌നാപൂരിൽ ആരംഭിച്ചു. പോളിങ് ബൂത്തുകളിലേക്ക് എത്താന്‍ കഴിയാത്ത 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വികലാംഗര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കുമാണ് പോസ്റ്റല്‍ ബാലറ്റിന് സൗകര്യമുള്ളത്.
ബിഹാർ തിരഞ്ഞെടുപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ സംവിധാനം ആരംഭിച്ചത്. വോട്ടർമാരിൽ നിന്ന് തപാൽ ബാലറ്റുകൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വീടുകള്‍തോറും പോകും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാർച്ച് 27നാണ്. ആദ്യ ഘട്ടത്തിലേക്കുള്ള തപാൽ ബാലറ്റ് വോട്ടിങ് മാർച്ച് 25 വരെയാണ് നടക്കുക.
ഈസ്റ്റ് മിഡ്‌നാപൂരിൽ നിന്ന് 5,500 പേരും വെസ്റ്റ് മിഡ്‌നാപൂരിൽ നിന്ന് 9500 പേരുമാണ് പോസ്റ്റല്‍ ബാലറ്റിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തപാൽ ബാലറ്റ് വോട്ടിങിനായി 164 അംഗ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരു പോളിങ് ഓഫീസർ, കേന്ദ്ര സേനയിൽ നിന്നുള്ള രണ്ട് ജവാൻമാർ, സംസ്ഥാന പൊലീസിൽ നിന്നുള്ള രണ്ട് പേർ, ഒരു വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമായി തിരിഞ്ഞാണ് ഇവര്‍ പ്രവര്‍ത്തിക്കുക.