കൊൽക്കത്ത : ഈ വർഷം നടക്കാനിരിക്കുന്ന കാളിപൂജ, ദീപാവലി എന്നിവയുൾപ്പെടെയുള്ള ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ബംഗാളില്‍ എല്ലാത്തരം പടക്കങ്ങളുടെയും വിൽപ്പനയും ഉപയോഗവും നിരോധിച്ചു. പശ്ചിമ ബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡാണ് (ഡബ്ലുബിപിസിബി) ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. നേരത്തെ രാസവസ്‌തുക്കൾ ഇല്ലാത്ത പടക്കങ്ങൾ വിൽക്കാനും ഉപയോഗിക്കാനും ഡബ്ലുബിപിസിബി അനുമതി നൽകിയിരുന്നു.
വിപണിയിൽ പടക്കങ്ങളുടെ വിൽപ്പന തടയുന്നതിനും ഉത്സവ വേളകളിൽ പടക്കം പൊട്ടിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും പൊലീസുമായും ഭരണകൂടവുമായും ചർച്ചകൾ നടത്തുകയാണെന്ന് ഡബ്ലുബിപിസിബി ചെയർമാൻ കല്യാൺ രുദ്ര പറഞ്ഞു.
അന്തരീക്ഷ മലിനീകരണം തടയുന്നതിനായി ഈ വർഷത്തെ കാളിപൂജ, ദീപാവലി, ഛാട്ട് പൂജ, ജഗധാത്രി പൂജ, ഗുരുനാനാക്ക് ജന്മദിനം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ എന്നിവയ്ക്ക് പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും വെള്ളിയാഴ്‌ച കൊൽക്കത്ത ഹൈക്കോടതി നിരോധിച്ചിരുന്നു.
Also Read: 'മരക്കാർ കേരളത്തിന്‍റെ സിനിമ'; തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ഫിയോക്ക്
ശബ്‌ദവും പ്രകാശവും ഇല്ലാത്തവയും നിരോധിച്ചവയിൽ ഉൾപ്പെടുമെന്ന് കോടതി അറിയിച്ചു. ദീപാവലി, കാളിപൂജ ദിവസങ്ങളിൽ രാത്രി 8 മുതൽ 10 വരെയും ഛാട്ട് പൂജ ദിവസം രാവിലെ 6 മുതൽ 8 വരെയും ക്രിസ്തുമസ്, പുതുവത്സര ദിവസങ്ങളിൽ വളരെ കുറച്ച് സമയത്തേക്കും രാസവസ്‌തുക്കൾ ഇല്ലാത്ത പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും രണ്ട് ദിവസം മുമ്പ് ഡബ്ലുബിപിസിബി അനുമതി നൽകിയിരുന്നു.
ഇതിനുപിന്നാലെയാണ് ഹൈക്കോടതി ഏതുതരം പടക്കങ്ങളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.