ന്യൂഡൽഹി: തുടർച്ചയായ നാല് ദിവസങ്ങളിൽ രാജ്യത്ത് മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ഇന്ത്യയുടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 12.45 ശതമാനമായി കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,57,299 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ആകെ സജീവകേസുകളുടെ എണ്ണം 29,23,400 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം 20,66,285 സാമ്പിളുകളാണ് പരിശോധിച്ചത്. ഒരു ദിവസം നടത്തിയ ഏറ്റവും ഉയർന്ന പരിശോധനാ നിരക്കാണിത്. അതേസമയം തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്തെ പ്രതിദിന വീണ്ടെടുക്കൽ നിരക്ക് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന പുതിയ കൊവിഡ് കേസുകളെക്കാൾ കൂടുതലായി തുടരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 357,630 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,30,70,365 (87.76%) ആയി ഉയർന്നു.
രാജ്യത്തൊട്ടാകെയുള്ള വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടത്തിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള വാക്സിൻ ഡോസുകളുടെ എണ്ണം 19.33 കോടി കവിഞ്ഞു. ശനിയാഴ്‌ച രാവിലെ 7 മണി വരെ 27,76,936 സെഷനുകളിലായി ആകെ 19,33,72,819 വാക്സിൻ ഡോസുകൾ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്ത് സംസ്ഥാനങ്ങളിൽ മാത്രം 78.12 ശതമാനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 36,184 എന്ന ഉയർന്ന പ്രതിദിന വർധനവോടെ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്. 32,218 കേസുകളോടുകൂടി കർണാടകയാണ് രണ്ടാം സ്ഥാനത്ത്.
Also Read: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത് 420 ഡോക്ടർമാർ