ന്യൂഡല്‍ഹി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് പിന്നില്‍ ഏറെ നാളുകളായുള്ള നിരന്തര നിരീക്ഷണങ്ങളും കണ്ടെത്തലുകളും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, ഐഎസ്ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചതെങ്കില്‍ നിരോധനത്തിലേക്ക് നീങ്ങിയത് സമ്പൂര്‍ണ വിലയിരുത്തലിനൊടുവിലാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. അതേസമയം സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്‌ട്രീയ സംഘടനയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇവര്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മൗലികവാദികളാക്കാനുള്ള രഹസ്യ അജണ്ട പിന്തുടരുന്നുവെന്ന് കാണിച്ചാണ് കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
സംഘടന അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നതാണ് കേന്ദ്രം ഉയര്‍ത്തുന്ന പ്രധാന കാര്യം. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്‌ച (20.09.2022) ഏഴ് സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡുകളുടെ ഭാഗമായി 150-ലധികം പേരെ കസ്‌റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്‌തിട്ടുണ്ട്. മാത്രമല്ല ഇവരില്‍ നിന്ന് അന്വേഷണ സംഘം നിരവധി രേഖകളും കണ്ടെത്തിയിരുന്നു.
എന്താണ് പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ)? : 1992 ന്‍റെ അവസാനങ്ങളില്‍ ബാബരി മസ്‌ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെയാണ് നാഷണല്‍ ഡവലപ്‌മെന്‍റ് ഫ്രണ്ട് (എന്‍ഡിഎഫ്) രൂപീകൃതമാകുന്നത്. പിന്നീട് 2006 ഡിസംബര്‍ 19 ന് കര്‍ണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയും എൻഡിഎഫും ലയിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകൃതമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ, നിർബന്ധിത മതപരിവർത്തനം, മുസ്‌ലിം യുവാക്കളെ മൗലികവാദികളാക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സുരക്ഷാ ഏജൻസികളുടെ റഡാറിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട്.
Also Read:പി.എഫ്.ഐയേയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
നിരോധനം എന്തിന് ? : ഇതര മതസ്ഥരായ സംഘടനകളുമായി ബന്ധമുള്ളവരെ കൊലപ്പെടുത്തുക, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്‌ഫോടകവസ്‌തുക്കൾ ശേഖരിക്കുക, ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുക, ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ സുരക്ഷാ ഏജൻസികള്‍ പിഎഫ്ഐക്കെതിരെ ചുമത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പറയുന്നതനുസരിച്ച് ഇത്തരം കേസുകളിലായി പിഎഫ്ഐ പ്രവര്‍ത്തകരില്‍ 355 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും 45 എണ്ണത്തില്‍ ശിക്ഷ ഉറപ്പാക്കുകയും ചെയ്‌തിട്ടുണ്ട്.
അതുകൊണ്ടുതന്നെ ജാർഖണ്ഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇതിനകം നിയമവിരുദ്ധമെന്നറിയിച്ച പിഎഫ്ഐ നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല പിഎഫ്ഐ ഭാരവാഹികളില്‍ നേരത്തെ നിരോധിച്ച സ്‌റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുമായി ബന്ധപ്പെട്ട നിരവധിപേരെ കണ്ടെത്തിയതായും മേത്ത കോടതിയെ അറിയിച്ചിരുന്നു.
നിരോധനം പൊടുന്നനെയുള്ളതോ ? : 2018 ജനുവരിയിൽ അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം പിഎഫ്ഐ നിരോധിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ആലോചിക്കുന്നതായി വ്യക്തമാക്കിയിരുന്നു. 2019 ഡിസംബറിലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾക്കും തുടർന്നുള്ള അക്രമങ്ങൾക്കും ശേഷം ഉത്തർപ്രദേശ് സർക്കാരും പിഎഫ്‌ഐയെ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തു. കഴിഞ്ഞ രാമനവമി സമയത്ത് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങളിൽ പിഎഫ്ഐക്ക് പങ്കുണ്ടെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നു.
പിഎഫ്ഐയുടെ ജനപിന്തുണ : നിയമ നിര്‍വഹണ ഏജന്‍സികളുടെ കണക്കനുസരിച്ച് പിഎഫ്ഐക്ക് കേരളത്തില്‍ മാത്രം 50,000-ത്തിലധികം അംഗങ്ങളും വലിയൊരു വിഭാഗം അനുഭാവികളുമുണ്ട്. "മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടെ ചെറിയ കേസുകളില്‍ പോലും ഇടപെടാനും പ്രതികരിക്കാനും പിഎഫ്ഐ കേഡറുകള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷകരായി പ്രവർത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് വഴി അവരെ സദാചാര പൊലീസാക്കി മാറ്റുന്നു. അവരുടെ കേഡറുകള്‍ക്ക് ആയോധനമുറകളില്‍ പരിശീലനം നൽകുന്നു" - എന്നാണ് ഒരു സുരക്ഷാ ഏജന്‍സി തയ്യാറാക്കിയ രേഖയില്‍ പറയുന്നത്.
Also Read:പോപ്പുലർ ഫ്രണ്ടിനെപ്പോലെ ആർഎസ്എസിനെയും നിരോധിക്കണമെന്ന് കോൺഗ്രസും ലീഗും
സംഘടനാപ്രവര്‍ത്തനം എങ്ങനെ ? : കേരളം, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, അസം, മണിപ്പൂർ എന്നിവയുൾപ്പടെ രണ്ട് ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പിഎഫ്ഐക്ക് ശാഖകളുണ്ട്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരായ അനുഭാവികളില്‍ നിന്ന് പിഎഫ്ഐ ഫണ്ട് സ്വീകരിച്ചതായുള്ള ആരോപണങ്ങളുമുണ്ട്.
ചോദ്യപേപ്പറിൽ, പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്ന് കാണിച്ച് പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ വെട്ടിയതാണ് പിഎഫ്‌ഐയുടേതായി ഏറ്റവും സെൻസേഷണലായ കേസ്. ഈ കേസിൽ 13 അംഗങ്ങൾ കുറ്റക്കാരാണെന്ന് 2015ൽ പ്രത്യേക കോടതി കണ്ടെത്തിയതോടെയാണ് പിഎഫ്ഐക്കെതിരെ ആദ്യ ശിക്ഷാവിധി വരുന്നത്. മാത്രമല്ല തെളിവുകളുടെ അഭാവത്തിൽ 18 പേരെ കോടതി വെറുതെ വിട്ടിരുന്നു. കോളിളക്കം സൃഷ്‌ടിച്ച കേസ് ആദ്യം കേരള പൊലീസാണ് അന്വേഷിച്ചതെങ്കിലും പിന്നീട് യുപിഎ സർക്കാർ എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.
സിമിയുടെ 'അവതാരം': 2012 ൽ കേരള സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിഎഫ്‌ഐ സിമിയുടെ 'ഉയിർത്തെഴുന്നേറ്റ അവതാരമാണെന്നും' കൂടുതലായും സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഒന്നിലധികം കൊലപാതകങ്ങളിൽ സജീവമായ പങ്കാളിത്തമുണ്ടെന്നും അറിയിച്ചിരുന്നു. 2016 ല്‍ മറ്റൊരു എൻഐഎ കോടതി 21 പിഎഫ്ഐ പ്രവര്‍ത്തകരെ വിവിധ ഐപിസി വകുപ്പുകൾ, ആയുധ നിയമം, യുഎപിഎ എന്നിവ ചുമത്തി ശിക്ഷിക്കുകയും ചെയ്‌തിരുന്നു.
പിഎഫ്‌ഐയും അതിന്റെ രാഷ്‌ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്‌ഡിപിഐ) പ്രവർത്തകരും ചേര്‍ന്ന് 2013 ഏപ്രിൽ 23ന് കണ്ണൂരിലെ നാറാത്ത് ആയുധപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു എന്നതായിരുന്നു മറ്റൊരു കേസ്. മാത്രമല്ല സിഎഎ വിരുദ്ധ പ്രതിഷേധം, 2020 ഫെബ്രുവരിയിലെ ഡൽഹി കലാപം എന്നിവയിലും ഹത്രാസ് കൂട്ടബലാത്സംഗം, ദളിത് സ്‌ത്രീയുടെ മരണം എന്നിവയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലും സംഘടനയുടെ ഗൂഢാലോചനയും സാമ്പത്തിക പിന്തുണയുമുണ്ടെന്നതായുള്ള ആരോപണങ്ങളില്‍ ഇഡി അന്വേഷണമുണ്ട്.
Also Read:'ആർ.എസ്.എസിനെ നിരോധിച്ചിട്ട് ഫലമുണ്ടായില്ല' ; നിരോധനം പരിഹാരമല്ലെന്ന് സീതാറാം യെച്ചൂരി
കേരളത്തിന് പുറത്ത് : ലഖ്‌നൗവിലെ പിഎംഎൽഎ കോടതിയിൽ പിഎഫ്‌ഐക്കും അതിന്റെ ഭാരവാഹികൾക്കുമെതിരെ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ ചുമത്തി പിഎഫ്‌ഐക്കും വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യക്കുമെതിരെയാണ് ആദ്യ കുറ്റപത്രം. 2020-ലെ ഹത്രാസ് കൂട്ടബലാത്സംഗ കേസിന് ശേഷം 'വർഗീയ കലാപങ്ങൾ ഇളക്കിവിടാനും ഭീകരത പടർത്താനും' ശ്രമിച്ചതായി ആരോപിച്ചുള്ളതാണ് രണ്ടാമത്തെ കുറ്റപത്രം.
ഈ വർഷം സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിൽ യുഎഇയിലെ ഒരു ഹോട്ടൽ പിഎഫ്ഐയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവര്‍ത്തിച്ചതായും ഇ.ഡി അവകാശപ്പെട്ടിരുന്നു. നിയമപരമായി വിജ്ഞാപനം ചെയ്യപ്പെട്ട ഒരു ചാരിറ്റബിൾ ഓർഗനൈസേഷൻ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ സുതാര്യതയില്ല എന്നറിയിച്ച് പിഎഫ്ഐയുടെ നികുതി ഇളവ് ആനുകൂല്യം റദ്ദാക്കിയതായി ആദായനികുതി വകുപ്പും അറിയിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിലുള്ള ഇഡി അന്വേഷണത്തില്‍ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, അസം എന്നിവിടങ്ങളിൽ സംസ്ഥാനത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഐപിസി വകുപ്പുകൾ പ്രകാരം അതത് സംസ്ഥാന പൊലീസ് സേനകള്‍ കേസുകളെടുത്തിട്ടുമുണ്ട്. 2016 ഒക്‌ടോബറിൽ ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകൻ രുദ്രേഷ് കൊല്ലപ്പെട്ട കേസിൽ അഞ്ച് പിഎഫ്ഐ പ്രവർത്തകര്‍ പിടിയിലായിരുന്നു.
Also Read:പിഎഫ്ഐയുടെ നിരോധനം : ജനാധിപത്യത്തിനുള്ള പ്രഹരമെന്ന് എം.കെ ഫൈസി
2016 ല്‍ തന്നെ കർണാടകയിലെ ഷിമോഗയിലെ വർഗീയ കലാപത്തിൽ പിഎഫ്‌ഐ പ്രവർത്തകരുടെ പങ്കാളിത്തം വെളിപ്പെട്ടു. ഇവിടെ മൂന്ന് പേർക്ക് പിഎഫ്‌ഐ പ്രവർത്തകരുടെ കുത്തേറ്റു. ഇതില്‍ ഒരാൾ മരിച്ചു. 2019 ൽ തമിഴ്‌നാട്ടില്‍ രാമലിംഗം എന്നയാളെ പിഎഫ്ഐ അംഗങ്ങള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന ആരോപണത്തില്‍ 18 പിഎഫ്‌ഐ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കർശനമായ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കേസെടുത്തിരുന്നു. 2020 ലെ ഡൽഹി കലാപം, സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അസം അക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഡൽഹി, അസം പൊലീസും പിഎഫ്ഐ പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
നിരോധനത്തിലേക്ക് നീങ്ങിയതെങ്ങനെ : പിഎഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട 19 കേസുകൾ അന്വേഷിക്കുകയാണെന്ന് എൻഐഎ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. തെലങ്കാന പൊലീസ് രജിസ്‌റ്റർ ചെയ്ത എഫ്‌ഐആറിൽ അന്വേഷണം ഏറ്റെടുത്ത എൻഐഎ പിഎഫ്‌ഐ നേതാക്കൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ആയുധ പരിശീലനം നൽകുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുകയും നിരോധിത സംഘടനകളിൽ ചേരുന്നതിന് ആളുകളെ തീവ്രവാദികളാക്കുകയും ചെയ്തുവെന്ന് തെളിവുകൾ ലഭ്യമാക്കുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലക്ക് വരുന്നു.