ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് തട്ടിപ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇ ഡി. മുന്‍ ഐഎഎസ് ഓഫീസര്‍ പൂജ സിംഗാളിനും മറ്റ് പ്രതികള്‍ക്കും എതിരായ കുറ്റപത്രം ജാര്‍ഖണ്ഡ് കോടതിയിലാണ് ഇ ഡി സമര്‍പ്പിക്കുന്നത്. സിംഗാളിനെ കൂടാതെ ഏതാനും ഖനന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസിൽ 5000 പേജുള്ള കുറ്റപത്രമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.
ജാര്‍ഖണ്ഡിലെ ഖനന വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് കേസില്‍ പൂജ സിംഗാളിനെ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്. അറസ്റ്റിന് പിന്നാലെ തന്നെ സിംഗാളിനെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് സംശയാസ്‌പദമായ പണമിടപാടുകള്‍ കണ്ടെത്താന്‍ സിംഗാളിന്‍റെ മൂന്ന് വര്‍ഷത്തോളമുള്ള ബാങ്ക് ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചിരുന്നു.
മെയ് മാസത്തില്‍ പൂജ സിംഗാളിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ ഇ ഡി അറസ്‌റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 19 കോടിയോളം രൂപയും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. പരിശോധനയില്‍ ലഭിച്ച പണം പൂജ സിംഗാളിന്‍റെതാണ് എന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പറഞ്ഞതിന് പിന്നാലെയാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്.