പുതുച്ചേരി : ഗുജറാത്ത് വംശഹത്യ പ്രമേയമാക്കി നിർമിച്ച ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടി. സർവകലാശാല നിർദേശം അവഗണിച്ച് ഡോക്യുമെന്‍ററി കണ്ട വിദ്യാർഥികളും എബിവിപിക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കേന്ദ്ര സർക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി.
മോദിക്കെതിരായ ഡോക്യുമെന്‍ററി സർവകലാശാല കാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് വിവിധ വിദ്യാർഥി സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് വിലക്കി സർവകലാശാല നേതൃത്വം രംഗത്തെത്തി. ഇതോടെ ഹോസ്‌റ്റൽ മുറികളിൽ പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥി സംഘടനകൾ അറിയിച്ചു.
തുടർന്ന് മുന്നൂറിലധികം വിദ്യാർഥികൾ തങ്ങളുടെ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഡൗൺലോഡ് ചെയ്‌ത് 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി കൂട്ടമായി കാണുകയായിരുന്നു. ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാതിരിക്കാൻ സർവകലാശാലയിൽ ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ശേഷം വൈദ്യുതി, വൈ-ഫൈ ഇന്‍റർനെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.
തുടർന്ന് എബിവിപിക്കാരായ പത്തോളം പ്രവർത്തകർ 'ജയ് ശ്രീറാം, മോദി, മോദി, സ്വാമിയേ ശരണം അയ്യപ്പ' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് വിദ്യാർഥി സംഘടനകൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. അതേസമയം മാഹിയിലും ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം നടന്നു. ഡിവൈഫ്‌ഐ പ്രവർത്തകരാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചത്. ഇത് ഫേസ്‌ബുക്ക് പേജിലൂടെ ലൈവ് സ്‌ട്രീമിങ് നടത്തുകയും ചെയ്‌തിരുന്നു.