ന്യൂഡൽഹി : എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും വീണ്ടും കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഇവര്‍ തമ്മിലെ ചര്‍ച്ച നടക്കുന്നത്.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്‌ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷികളെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചൊവ്വാഴ്ച പവാറിന്‍റെ വസതിയിൽ ഒത്തുകൂടി രാജ്യം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് പ്രശാന്ത് കിഷോർ ന്യൂഡല്‍ഹിയിലെ ലാട്ടേഴ്‌സ് വസതിയില്‍ പവാറിനെ വീണ്ടും സന്ദര്‍ശിച്ചത്. ഒരു മണിക്കൂറിലധികമാണ് ഇവര്‍ തമ്മിലുള്ള ചര്‍ച്ച നീണ്ടുനിന്നത്.
ALSO READ: കൊവിഡ് ഇന്ത്യക്കാരുടെ സമ്പത്തിൽ വരുത്തിയത് 6.1% ഇടിവ്
തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, രാഷ്ട്രീയ ലോക്‌ദൾ, ഇടതുപക്ഷം എന്നിവയുൾപ്പെടെ എട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ യോഗമാണ് പവാർ ചൊവ്വാഴ്ച ഡല്‍ഹിയിലെ വസതിയിൽ വിളിച്ചുചേര്‍ത്തിരുന്നത്.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്‍റെ മിന്നുന്ന വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രശാന്ത് കിഷോർ, ജൂൺ 11 നാണ് പവാറുമായി ആദ്യ കൂടിക്കാഴ്ച നടത്തിയത്.
ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് സംവദിക്കാനാണെന്ന് അന്നേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.