ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ആളുകൾ ശ്രമിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ്. അതിനാൽ സമരം ചെയ്യുന്ന കർഷകരോട് അച്ചടക്കം പാലിക്കാൻ ആഹ്വാനം ചെയ്യുന്നതായും രാകേഷ് ടിക്കൈറ്റ് പറഞ്ഞു.
ട്രാക്ടർ റാലിയിൽ നിശ്ചയിച്ചിട്ടുള്ള റോഡ് മാർക്കുകൾ പാലിക്കാതെ കർഷകർ മധ്യ ഡൽഹിയിൽ പൊലീസിന്‍റെ ബാരിക്കേഡുകൾ തകർത്തുകൊണ്ട് അതിക്രമിച്ച് കടന്നിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ് ട്വിറ്ററിൽ പ്രതികരണം നടത്തിയത്. രാഷ്ട്രീയ പാർട്ടിയിലെ ആളുകൾ ഇത്തരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.