ഹൈദരാബാദ്: ഒന്നിച്ച് ഒരേ കളരിയില്‍ രാഷ്ട്രീയം അഭ്യസിച്ച നിതീഷ് കുമാറിനെ ലാലു പ്രസാദ് യാദവ് ഒരിക്കല്‍ വിളിച്ചത് 'പാല്‍തു റാം' എന്നാണ്. 'പാല്‍തു റാം' എന്നതിന്‍റെ അർഥം എവിടെയും ഉറച്ചുനില്‍ക്കാതെ അധികാരത്തിന് വേണ്ടി ചാടിക്കളിക്കുന്നയാൾ എന്നാണ്. നാല് പതിറ്റാണ്ടിലധികം നീളുന്ന രാഷ്ട്രീയ ജീവിതത്തിനിടെ ഇത് അഞ്ചാം തവണയാണ് നിതീഷ് കുമാര്‍ നിന്ന നില്‍പ്പില്‍ മറുകണ്ടം ചാടുന്നത്.
അധികാരത്തില്‍ വരുമ്പോഴെല്ലാം നടപ്പാക്കിയ ഭരണ നേട്ടങ്ങളും അഴിമതി രഹിത പ്രതിച്ഛായയും നിതീഷിനെ ബിഹാറിന്‍റെ പ്രിയങ്കരനാക്കിയിരുന്നു. സുശാസന്‍ ബാബു എന്നാണ് നിതീഷിന് ലഭിച്ചിരുന്ന വിശേഷണം. ഹിന്ദിയില്‍ സുശാസന്‍റെ അര്‍ഥം സത്‌ഭരണമെന്നാണ്.
സോഷ്യലിസ്റ്റ് വഴിയില്‍: ജയപ്രകാശ് നാരായണിന്‍റെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്‌ടനായി രാഷ്ട്രീയത്തിലെത്തിയ നിതീഷ് കുമാർ വിദ്യാര്‍ഥി സമരത്തിലൂടെയാണ് ബിഹാറിലും ദേശീയ തലത്തിലും ശ്രദ്ധേയനാകുന്നത്. 1977ല്‍ ജനതാപാര്‍ട്ടിയില്‍ ചേർന്ന നിതീഷ് കുമാർ 1984ല്‍ നളന്ദ ജില്ലയിലെ ഹര്‍നോട്ട് (harnaut) ജില്ലയില്‍ നിന്നാണ് ആദ്യമായി ബിഹാര്‍ നിയമസഭയിലേക്ക് ജയിക്കുന്നത്.
കേന്ദ്രത്തിലെയും ബിഹാറിലെയും കോൺഗ്രസ് സർക്കാരുകൾക്കെതിരെ ശക്തമായ പ്രക്ഷോഭവും പ്രസംഗവുമായി കളം നിറഞ്ഞ ലാലു പ്രസാദ് യാദവ്, മുലായം സിങ് യാദവ്, രാംവിലാസ് പാസ്വാൻ എന്നിവർക്കൊപ്പം നിതീഷ് കുമാറും ദേശീയ രാഷ്ട്രീയത്തിലേക്ക് കാലുറപ്പിച്ച നാളുകളായിരുന്നു അത്. 1989ല്‍ ജനതാദള്‍ ടിക്കറ്റില്‍ ബര്‍ഹയില്‍ നിന്നാണ് നിതീഷ് ആദ്യമായി ലോക്‌സഭാംഗമാകുന്നത്. 1991ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വീണ്ടും ബര്‍ഹയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു.
ബിഹാറിന്‍റെ മകനാകുന്നു: 1990ല്‍ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയാവുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി എന്ന നിലയിലാണ് നീതീഷ് കുമാര്‍ ബിഹാര്‍ രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തിയത്. അന്ന് ജനതാദളിന്‍റെ മുഖമായിരുന്നു നിതീഷും ലാലുവും. തന്‍റെ ബഡാ ഭായി (ജ്യേഷ്‌ഠ സഹോദരന്‍) എന്നാണ് ലാലു പ്രസാദ് യാദവിനെ നിതീഷ് കുമാര്‍ വിശേഷിപ്പിച്ചത്. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും തെറ്റുന്നു.
ലാലു പ്രസാദിന്‍റെ നിര്‍ദേശം അവഗണിച്ച് 1994 ഫെബ്രുവരി 12ന് തന്‍റെ സമുദായമായ കുര്‍മി വിഭാഗം പാട്‌നയിലെ ഗാന്ധിമൈതാനില്‍ സംഘടിപ്പിച്ച റാലിയില്‍ നിതീഷ്‌കുമാര്‍ പങ്കെടുക്കുന്നു. ഇതിന് ശേഷം ലാലുപ്രസാദിന്‍റെ നിഴലില്‍ നിന്ന് മാറി സ്വന്തം രാഷ്‌ട്രീയ വഴി തേടിയ നിതീഷിനെ ലാലു പിന്നീട് ' പാല്‍തു റാം' എന്ന് വിളിച്ചതില്‍ അത്‌ഭുതമുണ്ടായിരുന്നില്ല.
സമതാപാർട്ടി: 1994ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സമതാപാര്‍ട്ടിക്ക് നിതീഷ്‌കുമാര്‍ രൂപം കൊടുക്കുന്നു. നിതീഷ്‌കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് 1994ലെ തെരഞ്ഞെടുപ്പില്‍ സമതാപാര്‍ട്ടി ബിഹാറില്‍ മല്‍സരിക്കുന്നത്. എന്നാല്‍ 324 അംഗ ബിഹാര്‍ അംസംബ്ലിയിലേക്ക് നിതീഷ് കുമാര്‍ അടക്കം ഏഴ് പേർ മാത്രമാണ് വിജയിച്ചത്.
ആ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവ് നേതൃത്വം കൊടുത്ത ജനതാദള്‍ രണ്ടാം തവണയും ബിഹാറില്‍ അധികാരത്തില്‍ വന്നു. അതോടെ സമതാപാര്‍ട്ടി എന്‍ഡിഎയില്‍ ചേർന്നു. സുപ്രധാനമായ രാഷ്ട്രീയ നീക്കത്തില്‍ നിതീഷ് കുമാർ 1996ല്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ അംഗമായി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക്: 2000ത്തില്‍ നിതീഷ് കുമാറിനെ ബിഹാറിലെ എന്‍ഡിഎ സംഖ്യത്തിന്‍റെ നേതാവായി തെരഞ്ഞെടുത്തു. ആ വര്‍ഷം മാര്‍ച്ച് മൂന്നിന് ബിഹാറിന്‍റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഏഴ് ദിവസം മാത്രമാണ് നിതീഷ്‌കുമാറിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ സാധിച്ചത്.
വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുമ്പെ നിതീഷ്‌കുമാര്‍ രാജിവെക്കുകയായിരുന്നു. എന്‍ഡിഎയ്‌ക്ക് 151 എംഎല്‍എമാരും ലാലുപ്രസാദിന്‍റെ ആര്‍ജെഡിക്ക് 159 എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 163 എംഎല്‍എമാരുടെ പിന്തുണയായിരുന്നു. പിന്തുണ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെയാണ് നിതീഷ് രാജിവെച്ചത്.
2005 നവംബര്‍ 24നാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ രണ്ടാം തവണ അധികാരത്തില്‍ വരുന്നത്. ഇത്തവണ എന്‍ഡിഎ സര്‍ക്കാര്‍ കാലവധി പൂര്‍ത്തിയാക്കി. 2010ല്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ വീണ്ടും നിതീഷ്‌കുമാര്‍ അധികാരത്തില്‍ വരുന്നു. ആര്‍ജെഡി ഭരണകാലത്തെ 'ജംഗിള്‍ രാജ്' അവസാനിപ്പിക്കാന്‍ നിതീഷ്‌കുമാറിന് സാധിച്ചു എന്നാണ് വിലയിരുത്തപ്പെട്ടത്. ബിഹാറിന്‍റെ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയില്‍ വലിയ മാറ്റം കൊണ്ടുവരാൻ നിതീഷിന് സാധിച്ചുവെന്നും വിലയിരുത്തി.
ബിജെപി ബന്ധം വിടുന്നു: 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച നീതീഷ് കുമാര്‍ 2013 ജൂണില്‍ 17 വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് ജെഡിയു ഒറ്റയ്‌ക്ക് മല്‍സരിച്ചത്. എന്നല്‍ ഫലം നിരാശജനകമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 ലോക്‌സഭ സീറ്റില്‍ കേവലം രണ്ട് സീറ്റുകള്‍ മാത്രമെ ജെഡിയുവിന് ലഭിച്ചത്.
അതിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച നിതീഷ് കുമാർ ജെഡിയുവിലെ തന്നെ ദളിത് നേതാവായ ജതിന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. അതിന് ശേഷം ആര്‍ജെഡിയും കോണ്‍ഗ്രസും ജെഡിയുവും ചേർന്ന് മഹാസഖ്യം രൂപീകരിച്ചു. 2015 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തില്‍ വന്നു. പക്ഷേ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ പിന്നെയും പ്രശ്‌നങ്ങൾ തലപൊക്കി.
വീണ്ടും താമരയ്‌ക്കൊപ്പം: ഉപമുഖ്യമമന്ത്രിയായ തേജസ്വി യാദവിന്‍റെ പേരില്‍ അഴിമതിക്കേസ് സിബിഐ രജിസ്റ്റര്‍ ചെയ്‌തത് ഉയര്‍ത്തികാട്ടി തേജസ്വിയോട് രാജിവെക്കാന്‍ നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ആര്‍ജെഡി നിരസിച്ചതിനെ തുടര്‍ന്ന് 2017 ജൂലൈയില്‍ നിതീഷ്‌കുമാര്‍ രാജിവെച്ചു. തൊട്ടടുത്തദിവസം എന്‍ഡിഎയില്‍ ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു.
2020 ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചെങ്കിലും 74 സീറ്റ് നേടിയ ബിജെപിയായിരുന്നു വലിയ ഒറ്റക്കക്ഷി. ജെഡിയുവിന് 43 സീറ്റുകളാണ് ലഭിച്ചത്. മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ അധികാരമേറ്റെങ്കിലും തങ്ങള്‍ക്ക് സീറ്റുകള്‍ കുറയാനുള്ള കാരണം ചിരാഗ് പാസ്വാനെ വെച്ചുള്ള ബിജെപിയുടെ നീക്കങ്ങളാണെന്നാണ് ജെഡിയു നേതൃത്വം കരുതുന്നത്. എല്‍ജെപി നേതാവായ ചിരാഗ് പാസ്വാന്‍ ജെഡിയുവിന്‍റെ സ്ഥാനാര്‍ഥികള്‍ക്കെതിരെ അവരുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. അതേസമയം ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ ചിരാഗ് പാസ്വാന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുമില്ല.
മൂൻകൂട്ടിയെറിഞ്ഞ് നിതീഷ്: തനിക്കെതിരെ ജെഡിയുവില്‍ പടനയിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും നിതീഷ് കുമാര്‍ വിലയിരുത്തി. ഇതാണ് വീണ്ടും കാലാവധി പൂര്‍ത്തിയാകുന്നതിന് എൻഡിഎ സഖ്യം വിട്ട് പുതിയ കൂട്ട് തേടാൻ നിതീഷിനെ പ്രരിപ്പിച്ചതും. വർഷങ്ങളായി ഇരു ചേരിയില്‍ തുടരുന്ന ആർജെഡിയുമായി സഖ്യമുണ്ടാക്കി വീണ്ടും അധികാരത്തിലിരിക്കാനാണ് നിതീഷ് ശ്രമിക്കുന്നത്. അതില്‍ കോൺഗ്രസ് കൂടി ചേരുമ്പോൾ ബിഹാർ രാഷ്ട്രീയം വീണ്ടും കലങ്ങി മറിയും.
അപ്രതീക്ഷിതമായി മുന്നണി ബന്ധം വിച്ഛേദിച്ച നിതീഷിനെ വരച്ച വരയില്‍ നിർത്താൻ ബിജെപി ശ്രമിക്കുന്നതോടെ ദേശീയ തലത്തിലും അത് വലിയ ചർച്ചകൾക്ക് വഴിതെളിക്കും. ബിഹാർ വിട്ട് ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനും നിതീഷ് ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ ചർച്ചകൾ.