ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണയില്‍ മൃഗവേട്ട സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിക്ക് ആരോണ്‍ വനാതിര്‍ത്തിയിലാണ് സംഭവം. മാന്‍ വേട്ടയെ കുറിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ പൊലീസുകാര്‍ക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
എസ്‌ഐ രാജ്‌കുമാര്‍ ജാദവ്, കോണ്‍സ്റ്റബിള്‍മാരായ നീലേശ് ഭര്‍ഗാവ, ശാന്താറാം മീണ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അനുശോചനം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിൽ ശനിയാഴ്‌ച രാവിലെ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും യോഗത്തില്‍ പങ്കെടുത്തു.