ബങ്ക (ബിഹാർ) : പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത് മദ്യ മാഫിയ (Policeman Attacked By Liquor Mafia). ജാർഖണ്ഡ് ആംഡ് പൊലീസിലെ ഉദ്യോഗസ്ഥനായ ലഖ്‌പതി സിങ് (40) എന്ന ഉദ്യോഗസ്ഥനെയാണ് ബിഹാറിലെ ബങ്ക പ്രദേശത്തെ മദ്യ മാഫിയ സംഘം ആക്രമിച്ചത് (Liquor Mafia Attack). വെള്ളിയാഴ്‌ച രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മദ്യ മാഫിയ സംഘത്തിലെ മിഥിലേഷ് ശർമ, മകൻ രോഹിത് കുമാർ, ചോട്ടു കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ ലഖ്‌പതി സിങിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഉദ്യോഗസ്ഥന് ഭഗൽപൂർ, പട്‌ന എന്നിവിടുങ്ങളിലെ ആശുപത്രികളിൽ നിന്ന് ചികിത്സ നൽകിയ ശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി ചെന്നൈയിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്. പരിക്കേറ്റ സൈനികനുമായി ഭാര്യ ശനിയാഴ്‌ച ചെന്നൈയിലേക്ക് തിരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : വെള്ളിയാഴ്‌ച രാത്രിയോടെയായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. ജാർഖണ്ഡ് ആംഡ് പൊലീസിലാണ് ലഖ്‌പതി സിങ് ജോലി ചെയ്യുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബിഹാറിലെ വീട്ടിലേക്ക് എത്തിയത്. വെള്ളിയാഴ്‌ച വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഈ സമയത്ത് ലഖ്‌പതി സിങും, റീമയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇതിനിടെയാണ് മദ്യമാഫിയ സംഘത്തിൽ പെട്ട മൂന്ന് പേർ വീട്ടിലേക്ക് എത്തുന്നത്. മദ്യക്കടത്തിന് ലഖ്‌പതി സിങ് തടസം നിൽക്കുന്നുവെന്ന് ആരോപിച്ചാണ് സംഘം എത്തിയത്. തുടർന്ന് ഇക്കാര്യം പറഞ്ഞ് ലഖ്‌പതി സിങുമായി ഇവർ തർക്കത്തിൽ ഏർപ്പെടുകയും, മർദിക്കാൻ തുടങ്ങുകയുമായിരുന്നു. ഇതിനിടെ ചോട്ടു കുമാർ എന്ന പ്രതി ലഖ്‌പതി സിങിന്‍റെ ശരീരത്തിൽ കയറിയിരുന്നു.
ശേഷം പിതാവ് മിഥിലേഷ് ശർമയോട് ഉദ്യോഗസ്ഥന്‍റെ കണ്ണുകൾ ചൂഴ്‌ന്നെടുക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ മിഥിലേഷ് ശർമ തന്‍റെ കയ്യിലുണ്ടായിരുന്ന കൂർത്ത വടി ഉപയോഗിച്ച് ലഖ്‌പതി സിങിന്‍റെ വലത് കണ്ണിൽ കുത്തുകയായിരുന്നു. ഇത് കണ്ട് റീമ ഉറക്കെ നിലവിളക്കുകയും പിന്നാലെ അയൽവാസികൾ സംഭവ സ്ഥലത്തേക്ക് എത്തുകയുമായിരുന്നു. ആളുകൾ എത്തുന്നത് കണ്ടതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ALSO READ : bihar journalist murder മാധ്യമപ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പേർ അറസ്റ്റിൽ
ഉടൻ തന്നെ ലഖ്‌പതി സിങിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഭഗൽപൂരിലേക്കും ശേഷം ചെന്നൈയിലേക്കും റഫർ ചെയ്യുകയായിരുന്നു. അതേസമയം റീമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്നും എസ്‌ഐ വിനോദ് കുമാർ പറഞ്ഞു.