ബെംഗളൂരു: വ്യവസായിയിൽ നിന്ന് പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപ അടിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ഗൗഡയാണ് പൊലീസിന്‍റെ പിടിയിലായത്. ചന്നപട്ടണ ടൗണിലെ രാമപുര ഗ്രാമത്തിലെ റിയൽ എസ്റ്റേറ്റ് ഏജന്‍റും കർഷകനുമായ ലിംഗേഷിന്‍റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പണത്തിൽ നിന്നാണ് ഇയാൾ 10 ലക്ഷം രൂപ കൈക്കലാക്കിയത്.
പൊലീസ് പറയുന്നതിങ്ങനെ: 2000 രൂപയുടെ കറൻസി നോട്ടുകൾ നിരോധിക്കുമെന്ന് സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന് 2000 രൂപയുടെ നോട്ടുകളിലുള്ള 50 ലക്ഷം രൂപയെ 500 ന്‍റെ നോട്ടുകളാക്കി മാറ്റുന്നതിനായാണ് ലിംഗേഷ് ബെംഗളൂരുവിലെത്തിയത്. നോട്ടുകൾ മാറ്റിയാൽ 10 ശതമാനം കമ്മിഷൻ ലഭിക്കുമെന്നും സുഹൃത്ത് ഇയാളോട് പറഞ്ഞിരുന്നു.
സുഹൃത്തിന്‍റെ നിർദേശ പ്രകാരം കാറിൽ പണവുമായി ലിംഗേഷ് ബെംഗളൂരു സർവകലാശാലയിലെ ജനനാഭാരതി ക്യാമ്പസിൽ എത്തി. ഇവിടെ നിന്ന് പണമിടപാടിനായി ചന്ദ്ര ലേഔട്ട് പ്രദേശത്തെത്തിയപ്പോഴാണ് നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേന്ദ്ര ഗൗഡയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സംശയം തോന്നിയ ഗൗഡ കാർ പരിശോധിക്കുകയും പണം കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് തനിക്ക് 10 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ മുഴുവൻ പണവും പിടിച്ചെടുക്കുമെന്നും ഇയാൾ ഭീഷണി മുഴക്കി. ശേഷം കൊണ്ടുവന്ന പണത്തിൽ നിന്ന് 10 ലക്ഷം രൂപയും കൈപ്പറ്റി. തുടർന്ന് ലിംഗേഷിന്‍റെ കാർ പിടിച്ചെടുക്കുകയും രേഖകളിൽ 40 ലക്ഷം കണ്ടെടുത്തതായി ചേർക്കുകയും ചെയ്‌തു. പിന്നാലെ കോണ്‍സ്റ്റബിൾ പണം തട്ടിയെടുത്തതായി കാട്ടി ലിംഗേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ഗൗഡ പണം കൈപ്പറ്റിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്‌ത് കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.