ലക്‌നൗ: ഉത്തർപ്രദേശിൽ ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ നടത്താൻ തീരുമാനിച്ച മിശ്ര വിവാഹം പൊലീസ് തടഞ്ഞു. വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പാണ് പൊലീസ് ഇടപെട്ട് ചടങ്ങുകൾ നിർത്തിവച്ചത്. റെയ്‌ന ഗുപ്തയും (22) തന്‍റെ സുഹൃത്ത് മുഹമ്മദ് ആസിഫും (24) തമ്മിലുള്ള വിവാഹമാണ് ബുധനാഴ്ച രാത്രി പൊലീസ് വേദിയിലെത്തി തടഞ്ഞത്.
രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഇത്തരമൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബന്ധു ഷിരീഷ് ഗുപ്ത പറഞ്ഞു. മുസ്ലീം പാരമ്പര്യമനുസരിച്ചും ഹിന്ദു ആചാരങ്ങൾ പ്രകാരവുമാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഹിന്ദു മഹാസഭ ജില്ലാ പ്രസിഡന്‍റ് ബ്രിജേഷ് ശുക്ല വിവാഹത്തെക്കുറിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു.
പൊലീസ് വേദിയിലെത്തിയപ്പോൾ ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം ചടങ്ങുകളാണ് നടന്നുകൊണ്ടിരുന്നത്. എന്നാൽ ആസൂത്രിത മതപരമായ ചടങ്ങുകൾ പരിവർത്തനം ചെയ്യാതെ നടത്താൻ കഴിയില്ലെന്ന് അഡീഷണൽ ഡിസിപി സുരേഷ് ചന്ദ്ര റാവത്ത് പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് 2020 ലെ സെക്ഷൻ മൂന്ന്, എട്ട് വകുപ്പ് പ്രകാരമാണ് വിവാഹം നിർത്തിവച്ചതെന്ന് എഡിസിപി വ്യക്തമാക്കി.
ഇത്തരം മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം ശിക്ഷാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇരു കുടുംബങ്ങളുടേയും സമ്മതത്തോടെ നടത്തുന്ന വിവാഹമായതിനാൽ കേസ് രജിസ്റ്റർ ചെയ്തട്ടില്ല. വിവാഹത്തിന് നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്നും ഇരു കുടുംബങ്ങളും നിരുപാധികമായി യൂണിയന് സമ്മതം നൽകിയിട്ടുണ്ടെന്നും വധുവിന്‍റെ പിതാവ് വിജയ് ഗുപ്ത പറഞ്ഞു.