ന്യൂഡല്‍ഹി : ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മറ്റ് പൗരരെ പോലെ ലൈംഗിക തൊഴിലാളികൾക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നും നിയമത്തില്‍ തുല്യ സംരക്ഷണത്തിന് അർഹതയുണ്ടെന്നും വ്യക്തമാക്കി സുപ്രീംകോടതി. ജസ്റ്റിസ് എല്‍ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്.
വേശ്യാലയം റെയ്‌ഡ് ചെയ്യുമ്പോൾ ഉഭയസമ്മത പ്രകാരം, സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുത്. പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏർപ്പെട്ടാല്‍ കേസെടുക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ലൈംഗിക തൊഴിലാളികളെ അവരുടെ മക്കളില്‍ നിന്ന് വേർപെടുത്തരുത്. അമ്മയ്‌ക്കൊപ്പം വേശ്യാലയത്തില്‍ കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ടുവന്നതാണെന്ന് കരുതരുത്. ലൈംഗിക പീഡനത്തിന് എതിരെ നല്‍കുന്ന പരാതികളോട് പൊലീസ് വിവേചന പരമായ സമീപനം സ്വീകരിക്കരുത്.
പരാതി നല്‍കുന്നവർക്ക് എല്ലാ വൈദ്യ നിയമ സഹായങ്ങളും പൊലീസ് നല്‍കണം. അംഗീകാരം ഇല്ലാത്ത വിഭാഗമെന്ന രീതിയില്‍ ലൈംഗിക തൊഴിലാളികളോട് സ്വീകരിക്കുന്ന സമീപനം പൊലീസ് മാറ്റണം. വാർത്തകൾ നല്‍കുമ്പോള്‍ ലൈംഗിക തൊഴിലാളികളുടെ പേരോ ചിത്രമോ പരസ്യപ്പെടുത്തരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിക്കാലത്ത് ലൈംഗിക തൊഴിലാളികൾ നേരിട്ട പ്രശ്‌നങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിർദ്ദേശങ്ങൾ നടത്തിയത്. കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരുകളോടും മേല്‍പ്പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ലൈംഗിക തൊഴിലാളികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രസ് കൗൺസില്‍ ഓഫ് ഇന്ത്യയ്ക്കും നിർദ്ദേശം നല്‍കി. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളും നിയമ സഹായങ്ങളും സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന ലീഗല്‍ സർവീസസ് അതോറിറ്റികളോടും സുപ്രീംകോടതി നിർദ്ദേശിച്ചു.